സിംലാൻ്റി: കഥ,  സൂസൻ പാലാത്ര

    സിംലാൻ്റി: കഥ,  സൂസൻ പാലാത്ര

 

        റെക്കാലത്തിനുശേഷം മനസ്സുകൊണ്ടൊരു തിരിച്ചുപോക്ക്. ഇത്രകാലവും ഓർമ്മിയ്ക്കാൻ ഒട്ടും ഇഷ്ടമില്ലാതിരുന്ന കാര്യമാണ്. എന്നാൽ ഈശ്വരൻ എല്ലാറ്റിനും അതിൻ്റേതായ ഒരു സമയം നീക്കിവച്ചിട്ടുണ്ട്. തൻ്റെ ആ സമയം വന്നു കഴിഞ്ഞിരിയ്ക്കുന്നു. 

     ഈ കൂടിക്കാഴ്ചയ്ക്കു വേണ്ടി, സമാഗമത്തിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചത് തൻ്റെ ഇളയമകളാണ്. അവൾക്ക്  അവളുടെ അമ്മയോടൊപ്പം പപ്പയെ വേണം. അതിനുവേണ്ടിയുള്ള ശ്രമത്തിൽ അവളുടെ വിവാഹംപോലും വേണ്ടെന്നു വച്ചു. സത്യത്തിൽ ഇനി ആ മനുഷ്യനെ കാണണമെന്നോ, അയാളോടൊപ്പം വീണ്ടും  ജീവിക്കണമെന്നോ തനിക്ക് തെല്ലും ആഗ്രഹമില്ലാതായിക്കഴിഞ്ഞിരുന്നു. കാരണം ആഗ്രഹിച്ചപ്പോഴെന്നും തൻ്റെ ഭർത്താവിനെ ലഭിച്ചില്ല. ഒരു കത്തിലെങ്കിലും നല്ല രണ്ടു വാക്ക് അയാൾ എഴുതി അയച്ചില്ല. "സോറി, പറ്റിപ്പോയതാണ്, എൻ്റെ മോൾ എന്നോട് ക്ഷമിച്ചെന്ന് ഒരു വാക്കു പറഞ്ഞാൽ മതി"  ഇങ്ങനെയെന്തെങ്കിലും ഒരുവരി എഴുതി അയച്ചില്ല. ക്ഷമിക്കാൻ താൻ നൂറുവട്ടം ഒരുക്കമായിരുന്നു. കാരണം, മക്കൾക്കുവേണ്ടി തനിക്ക് ജീവിച്ചേ മതിയാകൂ. മൂന്നു പെണ്ണും ഒരാണുമാണ്. ആൺകുട്ടി ഏറ്റവും മൂത്തവൻ അവൻ യുവാവായപ്പോൾ പപ്പയെ തേടിപ്പോയതാണ്. പിന്നെ അവന് പുതിയലോകം, പുതിയ കൂട്ടുകാർ. അമ്മയെയും സഹോദരിമാരെയും സൗകര്യപൂർവ്വം അവൻ മറന്നു. 

       ഭർത്താവിൻ്റെ രണ്ടാം ഭാര്യയുടെ കുതന്ത്രങ്ങളാണ് അതിൻ്റെ പിന്നിലെന്ന് താൻ ഇപ്പോഴും വിശ്വസിയ്ക്കുന്നു. എൻ്റെ ഭർത്താവിനെ അവൾ തട്ടിയെടുത്തു. ഇപ്പോൾ മകനെയും. 

          അടുത്ത ബന്ധുക്കളും ഇടവക പള്ളിക്കാരും ഇടപെട്ട് ഒരു വിധത്തിൽ ഭർത്താവിൻ്റെ ശമ്പളത്തിൽ നിന്ന് നേരേ പാതി അദ്ദേഹത്തിൻ്റെ  ഓഫീസിൽ നിന്ന് അയച്ചു തന്നു. അതുകൊണ്ട്, തട്ടിമുട്ടി ഞെരുങ്ങി, കഴിച്ചും കഴിയ്ക്കാതെയും ദിനരാത്രങ്ങൾ തള്ളി നീക്കി. ഒരുപാട് ക്ലേശങ്ങൾ സഹിച്ച് മൂത്ത മകളെ ടീച്ചറാക്കി. ഒരു ടീച്ചറിനെ വിവാഹം കഴിച്ച് അവൾ ഒരുവിധം ജീവിയ്ക്കുന്നു. രണ്ടാമത്തെ പെൺകുട്ടിയെ നേഴ് സിംഗിന് വിട്ടു പഠിപ്പിച്ചു. അവളാണ് കുടുംബത്തിന് ഒരു തണൽവൃക്ഷമായി നിലകൊണ്ടത്. അവളും ഒപ്പം ജോലി ചെയ്ത ഒരു യുവാവിനെ പ്രണയിച്ച് കല്യാണം കഴിച്ചു. ഇളയവളെ കെട്ടിച്ചു വിടാനുള്ള പണവും പണ്ടങ്ങളും നല്കി വീടും പണിയിച്ചു തന്നത് അവളാണ്. എന്നാൽ ഇളയവൾ അമ്മയ്ക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിയ്ക്കാനുള്ള തത്രപ്പാടിൽ അവളുടെ വിവാഹത്തിന് അവൾ സമ്മതിച്ചില്ല. അവൾ കൈക്കുഞ്ഞായിരുന്നപ്പോൾ ഉപേക്ഷിച്ചു പോയതാണ് അവളുടെ പപ്പ.  അന്നു മുതൽ ഇന്നുവരെയും താൻ അവളോടൊപ്പമാണ് ഉണ്ടതും ഉറങ്ങിയതും. അമ്മയ്ക്ക് പപ്പയെ തിരിച്ചു നല്കിയിട്ടേ ഞാൻ വിവാഹിതയാകൂ എന്ന ശപഥത്തിലാണ് അവൾ. 

            ആറുമാസമായി  പപ്പ റിട്ടയേർഡ് ആയിട്ട്. പെൻഷൻ ബുക്കിൽ ഭാര്യയുടെ സ്ഥാനത്ത് തൻ്റെ ഫോട്ടോയും പേരും. ഫാമിലി പെൻഷൻ ഉൾപ്പടെ ഭാവിയിലെ ആനുകൂല്യങ്ങളും തനിയ്ക്കായി. 

         ഇതോടെ രണ്ടാം വിവാഹത്തിൽ കല്ലുകടിയായി. രണ്ടാം ഭാര്യ നിരന്തരം കലഹിച്ചു.  അവർക്ക് തന്റെ ഭർത്താവിൽ ഉണ്ടായ മകനുമായിച്ചേർന്ന് അദ്ദേഹത്തെ അവർ വീട്ടിൽ നിന്നിറക്കിവിട്ടു. 

          ഉർവ്വശീശാപം ഉപകാരം എന്നപോലെ തന്റെ മകനും പെൺമക്കളും ചേർന്ന് അദ്ദേഹത്തെ പിടിച്ച പിടിയാലെ കൊണ്ടുവരികയാണ്. 

          " സിംലാൻറിയേ, പപ്പേം മക്കളും വരുമ്പം എന്താ വിഭവങ്ങൾ? സദ്യയൊക്കെ ഒരുക്കിയോ ? ആദ്യം മധുരം കൊടുത്ത് സ്വീകരിയ്ക്കണം കേട്ടോ?"

അയൽക്കാരി സുഭദ്രയാണ്. 

അയൽക്കാരെല്ലാം തന്നെ വിളിയ്ക്കുന്നത് സിംലാൻ്റി എന്നാണ്. വീട്ടുപേര് പുതിയയിടം എന്നാണെങ്കിലും എല്ലാരും സിംലക്കാർ എന്നാണ് വിളിയ്ക്കാറ്. 

        സിംലയിൽനിന്ന് മക്കളെ നാട്ടിൽ നിർത്തി പഠിപ്പിക്കാൻ തന്നെയും മക്കളെയും 28 വർഷം മുമ്പ് കൊണ്ടുവിട്ടതാണ് താൻ ഔതച്ചായൻ എന്ന് സ്നേഹപൂർവ്വം വിളിയ്ക്കുന്ന ജോസഫ്. പക്ഷേ, തനിക്ക് പിഴച്ചുപോയി. കുഗ്രാമത്തിൽ ഏറെ ഫാഷൻകാരായ അമ്മയെയും മക്കളെയും നാട്ടുകാർ അത്ഭുതത്തോടെ അതിലേറെ കൊതിയോടെ, അസൂയയോടെ വീക്ഷിച്ചു. 

അങ്ങനെയിരിക്കെയാണ് എടുത്തുപറയത്തക്ക സൗന്ദര്യമില്ലാത്ത, ലേശം പല്ലുപൊന്തിയ, തങ്കമ്മയെന്ന, നാട്ടുകാരിയായ  കറുകറുമ്പിപ്പെണ്ണ് വീട്ടിൽ വരുന്നത്. അവൾ തൻ്റെ വീടിനടുത്തുള്ള ഒരു പ്രൈവറ്റ് കോളജിൽ ഹിന്ദി വിദ്വാൻ പഠിക്കുകയാണ്. വെള്ളം കുടിയ്ക്കാനായി വീട്ടിൽ വന്ന് തന്റെ ഭർത്താവിനെ പരിചയപ്പെട്ടു. പറഞ്ഞു വന്നപ്പോൾ ഭർത്താവിൻ്റെ കുടുംബവും അവളുടെ കുടുംബവും പുരാതന കാലം മുതലേ സൗഹൃദത്തിലാണ്. 

അവൾ വീണ്ടും വീട്ടിൽ വന്നു. ജോസഫ് എന്ന തൻ്റെ ഭർത്താവിനെ അവൾ ജോസച്ചായൻ എന്ന് സ്നേഹപൂർവ്വം വിളിച്ചു. അദ്ദേഹത്തിൻ്റെ കണ്ണുകളിലെ തിളക്കം അന്ന് തന്നെ നടുക്കിക്കളഞ്ഞു. അവൾ നിമിത്തമുണ്ടായ ആദ്യ നടുക്കം.  അവൾ ചോദിച്ചു: " ജോസച്ചായാ ഞാനും വരട്ടെ, ഒപ്പം. വന്നാൽ  എനിക്കൊരു ജോലി വാങ്ങിച്ചു തരാമോ?"

" അയ്യോ, അതിന് ഞാൻ ഇത്തവണ ഫാമിലിയെ കൊണ്ടു പോണില്ലെന്നേ, ഒറ്റയ്ക്കാണ് പോക്ക് "

" അതു സാരമില്ല, ഞാനത് മാനേജ് ചെയ്തോളാം "

" ഓ..,  എങ്കിൽ യേസ് "

ഇതൊക്കെ ഒരു തമാശയായേ താൻ കരുതിയുള്ളൂ. എങ്കിലും അമ്മായിയമ്മയോട് ഇക്കാര്യം പരാതിയായി പ്പറഞ്ഞു.

അമ്മച്ചി പറഞ്ഞു "പല്ലും പൊങ്ങി കുരങ്ങു പോലിരിക്കുന്ന ആ തെറിച്ച പെണ്ണും, വെളുത്തു സുന്ദരിയായിരിക്കുന്ന കുലീനയായ നീയും തമ്മിൽ എത്ര അന്തരമുണ്ട്?, പേടിയ്ക്കണ്ട, അവൻ എൻ്റെ മോനാ, പൊട്ടക്കണ്ണനല്ല"

പക്ഷേ എല്ലാം കൈവിട്ടുപോയി. ആ പിഴച്ചതങ്കമ്മ തൻ്റെ ഔതച്ചായനെ പിന്നീട് തന്നെ ഒന്നുകാണാൻ പോലും അനുവദിച്ചില്ല.

 

                  (തുടരും)