സിദ്ധാർഥന്റെ ആത്മഹത്യ; നഷ്ടപരിഹാരത്തുക കെട്ടിവെച്ചെന്ന് സംസ്ഥാന സർക്കാർ

Jul 11, 2025 - 12:41
 0  2
സിദ്ധാർഥന്റെ ആത്മഹത്യ; നഷ്ടപരിഹാരത്തുക കെട്ടിവെച്ചെന്ന് സംസ്ഥാന സർക്കാർ

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി സിദ്ധാര്‍ഥന്റെ കുടുംബത്തിന് നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരത്തുക കെട്ടിവെച്ചെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഈ മാസം നാലിന് 7 ലക്ഷം രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ചെന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ചിനെ സർക്കാർ അറിയിച്ചിരിക്കുന്നത്.

 സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പരാതിക്കാരന്‍ സന്ദീപ് വാചസ്പതിക്കും സിദ്ധാര്‍ഥന്റെ കുടുംബത്തിനും കോടതി നോട്ടീസയച്ചു. എതിര്‍കക്ഷികള്‍ നാലാഴ്ചയ്ക്കകം ഹർജിക്ക് മറുപടി നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്. 10 ദിവസത്തിനുള്ളിൽ നഷ്പരിഹാര തുക ഹൈക്കോടതിയിൽ കെട്ടിവയ്ക്കാനായിരുന്നു ജൂലൈ ഒന്നിന് ഹൈക്കോടതി സർക്കാരിന് നൽകിയിരുന്ന നിർദേശം. സിദ്ധാർഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് 2024 ഒക്ടോബർ ഒന്നിനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്.

എന്നാൽ ഈ നിർദേശം സർക്കാർ നടപ്പാക്കിയില്ല. തുടർന്ന് ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു. ഇതോടെ കമ്മീഷൻ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2024 ഫെബ്രുവരി 18നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ഥനെ പൂക്കോട് വെറ്ററിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് സിദ്ധാര്‍ഥന്‍ റാഗിങ്ങിന് ഇരയായെന്ന് കണ്ടെത്തുകയും 18 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.