കേരളം ചോദിച്ചത് 9,531 കോടി! അത്രയും തരാൻ പറ്റില്ലെന്ന് എംഎസ് സി കപ്പല്‍ കമ്പനി

കൊച്ചി: കേരള തീരത്തെ ഏറെ ആശങ്കപ്പെടുത്തിയ കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ ആവില്ലെന്ന് കപ്പല്‍ കമ്പനി. കേരളം ആവശ്യപ്പെട്ട തുക അധികമാണെന്ന വാദമാണ് കപ്പല്‍ കമ്പനി ഉയര്‍ത്തുന്നത്. അതുപോലെ തന്നെ കേരളമല്ല ഈ വിഷയത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത് എന്ന വാദവും അവര്‍ ഉയര്‍ത്തി. ഹൈക്കോടതിയില്‍ കേസ് പരിഗണിക്കവേയായിരുന്നു ഇത്.
2025 മെയ് 25 ന് ആയിരുന്നു എസ്എസ് സി എല്‍സ 3 എന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ ചരക്ക് കപ്പല്‍ ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയത്. കപ്പലില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകളും ഉണ്ടായിരുന്നു. കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ഗ്രാന്യൂളുകള്‍ തീരത്തടിഞ്ഞത് വലിയ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. കൂടാതെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തേയും ഇത് ബാധിച്ചിരുന്നു.
9,531 കോടി രൂപയാണ് കപ്പല്‍ അകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ള നഷ്ടപരിഹാരം. വിവിധ ഘടകകങ്ങള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ ഇത്രയും തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പല്‍ മുങ്ങിയത് കേരളത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ അല്ലെന്ന വാദവും കപ്പല്‍ കമ്പനി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് നഷ്ടപരിഹാര ഹര്‍ജി സമര്‍പ്പിക്കേണ്ടത് കേന്ദ്രമാണെന്നും അവര്‍ വാദിച്ചു. ഇന്ധന ചോര്‍ച്ച ഉണ്ടാകാതിരുന്നതുകൊണ്ട് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാര്യമായി സംഭവിച്ചില്ലെന്നും കപ്പല്‍ കമ്പനി കോടതിയില്‍ പറഞ്ഞു.
എന്തായാലും കേസില്‍ കപ്പല്‍ കമ്പനിയ്ക്ക് ആശ്വസിക്കാന്‍ ആയിട്ടില്ല. കപ്പല്‍ മുങ്ങിയ കാര്യത്തിലും പരിസ്ഥിതി മലിനീകരണം ഉണ്ടായതിലും തര്‍ക്കമില്ലല്ലോ എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. അതുകൊണ്ട് എത്ര രൂപയാണ് നഷ്ടപരിഹാരമായി നല്‍കാനാവുക എന്ന് വ്യക്തമാക്കാന്‍ കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെ നഷ്ടപരിഹാരം കണക്കാക്കുന്നത് എന്നതും കപ്പല്‍ കമ്പനി ആവശ്യപ്പെട്ടു.
മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ ആയ എംഎസ് സിഅക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്യാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാര കേസില്‍ തീരുമാനമാകും വരെ ആയിരുന്നു അറസ്റ്റ് ഉത്തരവ്. പുതിയ സാഹചര്യത്തില്‍ കപ്പലിന്റെ അറസ്റ്റ് നീട്ടിയിട്ടുണ്ട്.
പരിസ്ഥിതി നാശം, മത്സ്യമേഖലയുടെ നഷ്ടം, കപ്പലില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍, ഇതിന് ഉപയോഗിക്കേണ്ടിവന്ന മാനുഷിക വിഭവങ്ങള്‍ എല്ലാം കണക്കാക്കിയാണ് സര്‍ക്കാര്‍ 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇതില്‍ പാരിസ്ഥിതിക നഷ്ടത്തിന് മാത്രം 9,626.12 കോടി രൂപ കണക്കാക്കിയിട്ടുണ്ട്. മത്സ്യമേഖലയിലെ നഷ്ടം നികത്താന്‍ 526.51 കോടി രൂപയാണ് കണക്കാക്കുന്നത്.