ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, മകന് സര്‍ക്കാര്‍ ജോലി : പ്രഖ്യാപിച്ച് സർക്കാർ

Jul 10, 2025 - 11:24
 0  3
ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, മകന് സര്‍ക്കാര്‍ ജോലി : പ്രഖ്യാപിച്ച് സർക്കാർ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെട്ടിടം തകര്‍ന്നുവീണു മരിച്ച ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യുവാനും തീരുമാനിച്ചു.

കെട്ടിടം തകര്‍ന്നതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം വൈകിയതാണ് ബിന്ദുവിന്റെ മരണത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ആരോപണങ്ങള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് മന്ത്രിമാര്‍ ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.

കോട്ടയം മെഡിക്കല്‍ കോളേജ് ഫണ്ടില്‍നിന്ന് 50000 രൂപ പ്രാഥമിക ധനസഹായം നല്‍കിയ സര്‍ക്കാര്‍ മകന് താത്കാലിക ജോലി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സ്ഥിര ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. മകളുടെ ചികിത്സയും മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു.