ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

Jul 10, 2025 - 12:35
 0  3
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന് ജാമ്യം അനുവദിച്ച് കോടതി. ഐബി ഉദ്യോഗസ്ഥയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് സുകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായതിനാല്‍ പ്രതിയെ ഇനിയും കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

മാര്‍ച്ച് 24ന് ആണ് തലസ്ഥാനത്ത് പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ മരണത്തിന് പിന്നില്‍ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുടുംബം മകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്നതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കി.
തുടര്‍ന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ഒളിവില്‍ പോയ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യം കോടതി നിരസിച്ചതോടെ ഇയാള്‍ കീഴടങ്ങുകയായിരുന്നു.