സരബ്ജിത്ത് സിംഗിന്റെ ഘാതകനെ ബൈക്കിലെത്തിയ തോക്കുധാരി വെടിവെച്ച്‌ കൊന്നു

സരബ്ജിത്ത് സിംഗിന്റെ ഘാതകനെ ബൈക്കിലെത്തിയ തോക്കുധാരി വെടിവെച്ച്‌ കൊന്നു

ന്യൂ ഡല്‍ഹി: പാക്‌സിതാനില്‍ തടവില്‍ കഴിയവെ കൊല്ലപ്പെട്ട ഇന്ത്യന്‍ തടവുപുള്ളി സരബ്ജിത്ത് സിംഗിന്റെ ഘാതകനെ വധിച്ചു.

ആമിര്‍ സര്‍ഫ്രാസ് താമ്ബയെന്ന ഇയാള്‍ പാകിസ്താനിലെ ലാഹോറില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബൈക്കിലെത്തിയ തോക്കുധാരി ഇയാളെ വെടിവെക്കുകയായിരുന്നു. ആമിര്‍ സര്‍ഫ്രാസ ഹാഫിസ് സയ്യിദിന്റെ വിശ്വസ്തന്‍ കൂടിയാണ്.

വെടിയുതിര്‍ത്തത് അജ്ഞാതനായ തോക്കുധാരിയെന്നാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാഹോറിലെ ഇസ്ലാമാപുര മേഖലയില്‍ വെച്ച്‌ ബൈക്കിലെത്തിയ അക്രമികള്‍ ഇയാള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നേരത്തെ സരബ്ജിത്ത് സിംഗ് ലഹോറിലെ ജിന്ന ആശുപത്രിയില്‍ വെച്ച്‌ ഹൃദയാഘാതം വന്നാണ് മരിക്കുന്നത്. ഒരാഴ്ച്ചയോളം കോമയിലായിരുന്നു അദ്ദേഹം. ജയിലിലെ തടവുപുള്ളികളില്‍ നിന്ന് ക്രൂരമായ ആക്രമണമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. താമ്ബ അടക്കമുള്ളവര്‍ സരബ്ജിത്ത് സിംഗിനെ മര്‍ദിക്കുകയായിരുന്നു. ലാഹോറിലെ കോക് ലാഖ്പത് ജയിലില്‍ വെച്ചായിരുന്നു ഈ മര്‍ദനം. തുടര്‍ന്ന് സരബ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ ബോധം നശിച്ച്‌ ആശുപത്രിയിലായിരുന്ന അദ്ദേഹം  മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇഷ്ടിക കഷ്ണങ്ങളും ഇരുമ്ബ് കമ്ബികളും ഉപയോഗിച്ചായിരുന്നു സരബ്ജിത്ത് സിംഗിനെ താമ്ബയുടെ നേതൃത്വത്തില്‍ തടവുപുള്ളികള്‍ ആക്രമിച്ചത്.