രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്ബോള്‍ വീടുകളില്‍ വിളക്ക് കത്തിക്കണമെന്ന് മോദി: എട്ട് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്ബോള്‍ വീടുകളില്‍ വിളക്ക് കത്തിക്കണമെന്ന് മോദി: എട്ട് ട്രെയിനുകള്‍ പ്രധാനമന്ത്രി  ഫ്ളാഗ് ഓഫ് ചെയ്തു
യോദ്ധ്യ: ലോകം മുഴുവൻ ജനുവരി ഇരുപത്തിരണ്ടിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോദ്ധ്യ പ്രതിഷ്ഠ ദിനമാണ് ജനുവരി ഇരുപത്തിരണ്ട്.താനും കൗതുകത്തോടെ ആ ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് മോദി വ്യക്തമാക്കി.
പ്രതിഷ്ഠാ ദിനം വീടുകളിലും ആഘോഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്ബോള്‍ വീടുകളില്‍ വിളക്ക് കത്തിച്ച്‌ ആഘോഷിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.ജയ്ശ്രീറാം വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. 
രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ഉള്‍പ്പെടെ എട്ട് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു.
ഇതില്‍ ആറെണ്ണം വന്ദേഭാരത് ട്രെയിനുകളാണ്. പുതുക്കി പണിത അയോധ്യ ധാം റെയില്‍വേ സ്റ്റേഷൻ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.ദര്‍ഭംഗ-ഡല്‍ഹി അമൃത് ഭാരത്, അയോധ്യ-ആനന്ദ് വിഹാര്‍ വന്ദേ ഭാരത് എന്നീ ട്രെയിനുകള്‍ അയോധ്യ ധാം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തപ്പോള്‍, മറ്റു ആറ് ട്രെയിനുകള്‍ വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
അയോദ്ധ്യയിലെ വികസനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.  റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി റോഡ്‌ഷോ നടത്തി,കൂടാതെ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ 30 ചരിത്രത്തിന്റെ ഭാഗമായ ദിവസമാണെന്നും മോദി പറഞ്ഞു.
സാധാരണക്കാരെ ഉദ്ദേശിച്ചുള്ള അതിവേഗ ട്രെയിനാണ് അമൃത് ഭാരത് എക്സ്പ്രസ്. നൂതനമായ പുഷ് പുള്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനിന് പരമാവധി മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. ട്രെയിനിന്റെ മുന്നിലും പിന്നിലും എഞ്ചിനുകള്‍ ഘടിപ്പിച്ച്‌ ഒന്ന് മുന്നോട്ട് വലിക്കുകയും മറ്റൊന്ന് പിന്നില്‍ നിന്ന് തള്ളുകയും ചെയ്യുന്ന സങ്കേതിക വിദ്യയാണ് പുഷ് പുള്‍. കുലുക്കമില്ലാത്ത അതിവേഗ യാത്രയാണ് ട്രെയിൻ വാഗ്ദാനം ചെയ്യുന്നത്.