യുഎഇയിൽ 50 പുരുഷ നഴ്സ് ഒഴിവുകൾ; അഭിമുഖം ഒഡെപെക് വഴി

Sep 13, 2026 - 14:18
 0  4
യുഎഇയിൽ 50 പുരുഷ നഴ്സ് ഒഴിവുകൾ;  അഭിമുഖം ഒഡെപെക് വഴി

യു എ ഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിലേക്ക് പുരുഷ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് ഒഡെപെക്. ഇൻഡസ്ട്രിയൽ നഴ്സ് തസ്തികയിലേക്ക് ആകെ 50 ഒഴിവുകളാണുള്ളത്. ബി.എസ്.സി/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്ങും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഐസിയു, എമർജൻസി, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് മേഖലകളിലെ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പ്രായം 40 വയസ്സിന് താഴെയായിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5,000 യുഎഇ ദിർഹം ശമ്പളവും പ്രതിവർഷം ഒരു മാസം ശമ്പളത്തോടു കൂടിയ അവധിയും ലഭിക്കും. ഒപ്പം കമ്പനി താമസം, യാത്ര, വിസ, വിമാനടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവയും അനുവദിക്കും. ആഴ്ചയിൽ 60 മണിക്കൂറാണ് ജോലി സമയം. ഡാറ്റാഫ്ലോ, എച്ച്എഎഡി/ഡിഒഎച്ച്, ബിഎൽഎസ്, എസിഎഎൽഎസ് തുടങ്ങിയ പ്രൊഫഷണൽ ലൈസൻസുകൾ ഉള്ളവർക്ക് ഗുണകരമാകും.

നേരിട്ടുള്ള അഭിമുഖം സെപ്റ്റംബർ 26-ന് രാവിലെ 8.30 മുതൽ തിരുവനന്തപുരം വഴുതക്കാടുള്ള ഒഡെപെക് ഓഫീസിൽ നടക്കും. രാവിലെ 8 മുതൽ 10 വരെയാണ് റിപ്പോർട്ടിങ് സമയം. അപ്ഡേറ്റ് ചെയ്ത സി.വി, പാസ്പോർട്ട്, വിദ്യാഭ്യാസ-പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, ലൈസൻസ് രേഖകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. യാത്ര സൗകര്യം മുൻനിർത്തി ക്യൂവിൽ ഇളവ് നൽകില്ലെന്നും മാനദണ്ഡങ്ങൾ വിദേശ തൊഴിലുടമയുടെ (റെസ്പോൺസ് പ്ലസ് മാൻപവർ സപ്ലൈ) തീരുമാനത്തിന് വിധേയമാണെന്നും ഒഡെപെക് അറിയിച്ചു.