ഡിഎന്‍എ പരിശോധിച്ച്‌ രാഹുലിന്റെ പാരമ്ബര്യം ഉറപ്പാക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍

ഡിഎന്‍എ പരിശോധിച്ച്‌ രാഹുലിന്റെ പാരമ്ബര്യം ഉറപ്പാക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍

പാലക്കാട്: വയനാട് എംപി രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം ഉന്നയിച്ച്‌ പി വി അന്‍വര്‍ എംഎല്‍എ. രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച്‌ പാരമ്ബര്യം ഉറപ്പാക്കണമെന്നാണ് പി വി അന്‍വർ നടത്തിയ പരാമര്‍ശം.

ഗാന്ധി എന്ന പേര് ഒപ്പം ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ വിമർശിച്ചു.

‘നെഹ്‌റു കുടുംബത്തില്‍ ഇത്തരത്തില്‍ ഒരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജെനിറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ സാധിക്കുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധനയ്‌ക്ക് അയക്കണമെന്ന് അഭിപ്രായക്കാരനാണ് ഞാന്‍.’ പി വി അന്‍വര്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് പി വി അന്‍വര്‍ അധിക്ഷേപ പരാമർശം നടത്തിയത്.

രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റ് ആണോ എന്നത് സംശയിക്കണം. കെ സി വേണുഗോപാല്‍ എന്ന ഏഴാം കൂലിയുടെ കൈയ്യിലാണ് കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പി വി അന്‍വര്‍ വിമർശനം ഉന്നയിച്ചു. രാഹുല്‍-പിണറായി വാക്‌പോര് കടുക്കുന്നതിനിടെയാണ് വിവാദ പരാമർശവുമായി പി വി അൻവർ രംഗത്ത് വരുന്നത്. എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിലാണ് അൻവ‍ര്‍ അധിക്ഷേപ പരാമ‍ര്‍ശം നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് അൻവറിനെ പ്രകോപിതനാക്കിയത്.