എം.വി.ഗോവിന്ദന്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണം; മാനനഷ്ടത്തിന് നോട്ടീസ് അയച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

എം.വി.ഗോവിന്ദന്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണം; മാനനഷ്ടത്തിന് നോട്ടീസ് അയച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ജാമ്യം ലഭിക്കാൻ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ നോട്ടീസ് അയച്ചു.

ശരിയായിട്ടുള്ള സര്‍ട്ടിഫിക്കറ്റിനെ വ്യാജമെന്ന് പറഞ്ഞ് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും പൊതുപ്രവര്‍ത്തകൻ എന്ന നിലയില്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.

സെക്രട്ടേറിയറ്റില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന്റെ പേരിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിനായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെങ്കിലും ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്താൻ കോടതി നിര്‍ദേശിച്ചു. ജനറല്‍ ആശുപത്രിയിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞത്. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്.