റിക്കി രാധൻ പണ്ഡിറ്റിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ച് ടിവികെ സർക്കാർ

May 12, 2026 - 20:25
 0  3
റിക്കി രാധൻ പണ്ഡിറ്റിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ച് ടിവികെ സർക്കാർ

ചെന്നൈ: ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയി നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കാർ ഉത്തരവ് പുറത്തിറങ്ങി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്‌യുമായി അടുത്ത ബന്ധം പുലർത്തുന്ന റിക്കി രാധൻ പണ്ഡിറ്റിന് ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്ക്കും ടിവികെക്കും വമ്പിച്ച വിജയം ഉണ്ടാകുമെന്ന് കൃത്യമായി പ്രവചിച്ച വ്യക്തിയാണ് റിക്കി രാധൻ പണ്ഡിറ്റ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിജയ്‌യെ നേരിൽ കണ്ട് അഭിനന്ദിച്ച അദ്ദേഹം, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിജയ് ഗവർണറെ കാണാൻ പോയപ്പോഴും കൂടെയുണ്ടായിരുന്നു. ടിവികെ വക്താവ് എന്ന നിലയിൽ ജ്യോതിഷവും രാഷ്ട്രീയവും സംയോജിപ്പിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകൾ നേരത്തെ തന്നെ തമിഴ് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുമായും റിക്കി രാധൻ പണ്ഡിറ്റിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജയലളിതയുടെ കാലത്തും രാഷ്ട്രീയ ഉപദേശങ്ങൾക്കും മറ്റുമായി അദ്ദേഹം സജീവമായിരുന്നു. ആ പാരമ്പര്യവും അനുഭവസമ്പത്തും വിജയ്‌യുടെ ഭരണകൂടത്തിലും പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്