ജ്യോത്സ്യന് സർക്കാർ പദവി; കടുത്ത എതിർപ്പിനൊടുവിൽ നിയമനം റദ്ദാക്കി വിജയ്
ചെന്നൈ: വിവാദമായതിന് പിന്നാലെ, തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്റെ പ്രത്യേക ഓഫീസറായി ജ്യോതിഷിയെ നിയമിച്ച തീരുമാനം പിന്‍വലിച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയായിരുന്നു നിയമനം. ശാസ്ത്രീയമായ രീതിയില്‍ ഭരണം നടത്തേണ്ട മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ജ്യോതിഷിയെ നിയമിച്ചത് വലിയ രീതിയിലുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു. ഇന്ന് നിയമസഭയിലും നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി.
തമിഴ്‌നാട് നിയമസഭയില്‍ 144 അംഗങ്ങളുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. എഐഎഡിഎംകെ വിമതരുടേതടക്കം പിന്തുണ വിജയ്ക്ക് ലഭിച്ചു. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികളും ടിവികെയെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികളും ജ്യോതിഷിയുടെ നിയമനത്തില്‍ വിമര്‍ശിച്ച് രംഗത്തിയതോടെയാണ് വിജയ് തീരുമാനം പിന്‍വലിച്ചത്. വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്.
വിഷയത്തില്‍ കടുത്ത വിമര്‍ശനമാണ് സഖ്യകക്ഷികളടക്കം ഉയര്‍ത്തിയത്. സിപിഎം, കോണ്‍ഗ്രസ്, വിസികെ. ഉള്‍പ്പെടെ ടിവികെ. സര്‍ക്കാരിന് പിന്തുണനല്‍കുന്ന പാര്‍ട്ടികളില്‍നിന്നു തന്നെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. യുക്തിസഹമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിനു വിരുദ്ധമാണ് ഈ തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം പറഞ്ഞു