അഹമ്മദാബാദ് വിമാന ദുരന്തം: എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ ഓഫായതാണ് അപകട കാരണമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ഞെട്ടിക്കുന്ന പ്രഥമിക റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അകടത്തിന് കാരണമായതെന്നാണ്. ഇതിന് ഇടയാക്കിയത് എഞ്ചിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ആരാണ് ഈ സ്വിച്ചുകൾ ഓഫ് ചെയ്തതെന്നും എന്തിനാണെന്നും ഒരു പൈലറ്റ് ചോദിക്കുന്നതും താനല്ല ഓഫ് ചെയ്തതെന്ന് സഹപൈലറ്റ് പറയുന്നതിന്റെയും കോക്പിറ്റ് ഓഡിയോ അന്വേഷണ സംഘത്തിന് ലഭിച്ചു. എൻജിന്റെ സ്വിച്ചുകൾ ഓഫായിരുന്നത് ശ്രദ്ധയില്‍ പെട്ട് ഓണ്‍ ചെയ്‌തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുൻപ് തന്നെ വിമാനം തകര്‍ന്നു വീഴുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്
വിമാനത്തിൻ്റെ എൻജിനുകൾ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ടുതന്നെ അപകടം സംഭവിച്ചു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് AAIB സമർപ്പിച്ചത്. കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്യുന്നത്.