സ്കൂള്‍ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം; പാചകം പഴയിടം തന്നെ

സ്കൂള്‍ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം; പാചകം പഴയിടം തന്നെ
തിരുവനന്തപുരം: പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണം ഒരുക്കും. കൊല്ലത്ത് വെച്ച് നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നതിന്റെ ടെന്‍ഡര്‍ തുടര്‍ച്ചയായ 17-ാം വട്ടവും അദ്ദേഹം നേടി.

കൊല്ലത്ത് ജനുവരി 2 മുതല്‍ 8 വരെയാണ് കലോത്സവം. ഈ വര്‍ഷം മുതല്‍ കലോത്സവ ഭക്ഷണത്തില്‍ മാംസ വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വിശിവൻകുട്ടിയും ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടവും കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

പ്രതിദിനം അരലക്ഷത്തോളം പേര്‍ക്ക് വരെ ഭക്ഷണം വിളമ്ബേണ്ട കലോത്സവത്തില്‍ നോണ്‍ വെജ് കൂടി ഉള്‍പ്പെടുത്തിയാല്‍ ചെലവു കുത്തനെ കൂടുമെന്നതും പ്രായോഗിക പ്രശ്നങ്ങളും കണക്കിലെടുത്താണ് വെജിറ്റേറിയൻ തുടരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സ്കൂള്‍ കായിക മേളയില്‍ രാത്രി മാംസ വിഭവങ്ങളും വിളമ്ബുന്നുണ്ടെങ്കിലും 4500 പേര്‍ക്ക് മതിയാകും.

കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റിയുടെ ചുമതല. വെജിറ്റേറിയൻ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാര്‍ തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ടെണ്ടറില്‍ പങ്കെടുത്തതെന്ന് മോഹനൻ നമ്ബൂതിരി പറഞ്ഞു.