ജെസ്‌നയുടെ തിരോധാനം: മതപരിവര്‍ത്തനം നടത്തിയതിനും മരിച്ചതിനും തെളിവില്ല; സി. ബി. ഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ജെസ്‌നയുടെ  തിരോധാനം:   മതപരിവര്‍ത്തനം നടത്തിയതിനും മരിച്ചതിനും തെളിവില്ല; സി. ബി. ഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്.  ജസ്ന മരിച്ചതിനോ മത പരിവര്‍ത്തനം നടത്തിയതിനോ തെളിവുകളൊന്നുമില്ലെന്ന്  സി. ബി. ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മതപരിവര്‍ത്തനകേന്ദ്രങ്ങളിലും അന്വേഷണം നടത്തിയെങ്കിലും എവിടെ നിന്നും തെളിവുകള്‍ ലഭിച്ചില്ലെന്നുംറിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ പൊന്നാനി, ആര്യസമാജം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ എവിടെ നിന്നും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ലെന്നും സി. ബി. ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജസ്നയുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നാണ് സി. ബി. ഐയുടെ റിപ്പോര്‍ട്ട്. മാത്രമല്ല ജെസ്‌ന മരിച്ചു എന്ന കാര്യത്തിലും തെളിവുകള്‍ ലഭിച്ചിട്ടില്ല. കോവിഡ് വാക്സിന്‍ എടുത്തതിനും കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനും ഉള്‍പ്പെടെ തെളിവുകളൊന്നും അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. കേരളത്തില്‍ ആത്മഹത്യ നടക്കാറുള്ള മേഖലകളിലെല്ലാം അന്വേഷണം നടത്തുകയും ജസ്‌നയുടെ തിരോധാനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത മൃതദേഹങ്ങളെല്ലാം പരിശോധിക്കുകയും ചെയ്തു. മാത്രമല്ല തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ജസ്നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായില്ല. ജസ്നയെ കണ്ടെത്താന്‍ ഇന്‍ര്‍പോള്‍ സഹായം തേടിയതായും യെല്ലോ നോട്ടീസ് പുറത്തിറക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ എന്തെങ്കിലും വിവരം ലഭിച്ചാല്‍ മാത്രമേ ഇനി ജസ്ന തിരോധാനത്തില്‍ അന്വേഷണത്തിന് സാധ്യതയുള്ളൂവെന്നും സി. ബി. ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.