കുട്ടിയെ തട്ടിക്കൊണ്ടുപോയത് കടക്കെണി മാറ്റാന്‍ ; പത്മകുമാറും ഭാര്യയും മകളും അറസ്റ്റില്‍

കുട്ടിയെ തട്ടിക്കൊണ്ടുപോയത് കടക്കെണി മാറ്റാന്‍ ; പത്മകുമാറും ഭാര്യയും മകളും അറസ്റ്റില്‍

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്ന മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാര്‍, ഭാര്യ എം ആര്‍ അനിതകുമാരി, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റ് ആണ് പൂയപ്പള്ളി പോലീസ് രേഖപ്പെടുത്തിയത്. മൂവരെയും ഉടന്‍ പൂയപ്പള്ളി സ്റ്റേഷനിലെത്തിക്കും. ഇന്ന് തന്നെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയേക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കണ്ടെത്തിയ വഴിയാണു തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത് എന്നാണ് പ്രതികളുടെ മൊഴികളില്‍ നിന്നു വ്യക്തമാകുന്നത്. ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ട്രയല്‍ ആയിരുന്നു എന്നാണു പ്രതികളുടെ മൊഴി. പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു. ഓയൂരിലെ കുട്ടിയെ മാത്രം മൂന്നു തവണ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയെന്നും ഇവര്‍ മൊഴി നല്‍കി. ഒരു വര്‍ഷത്തെ തയ്യാറെടുപ്പാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലുണ്ടായിരുന്നത്. കൃത്യത്തില്‍ ഭാര്യക്കും മകള്‍ക്കും പങ്കുണ്ട്. പാരിപ്പള്ളിയില്‍ നിന്ന് ഫോണ്‍ വിളിച്ചത് പത്മകുമാറിന്റെ ഭാര്യയാണെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ ശബ്ദം തിരിച്ചറിഞ്ഞു.

സാമ്പത്തിക സുസ്ഥിരതയുണ്ടായിരുന്ന പത്മകുമാര്‍ വലിയ തോതില്‍ കടക്കെണിയില്‍ പെട്ടിരുന്നതായാണു വിവരം. എന്‍ജിനയറായ ഇദ്ദേഹം വിവിധ ബിസിനസ് നടത്തിയിരുന്നു. ഒരു കോടിയോളം രൂപ ബാധ്യതയുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കി. ലോണ്‍ ആപ്പുകളില്‍ നിന്നും മറ്റും ഇയാള്‍ പണം എടുത്തിരുന്നു.