കരുണാകരന്റെ ആത്മാവ് പൊറുക്കില്ല, ഇനി പത്മജയുമായി യാതൊരു ബന്ധവുമില്ല: കെ. മുരളീധരൻ

കരുണാകരന്റെ ആത്മാവ് പൊറുക്കില്ല, ഇനി പത്മജയുമായി യാതൊരു ബന്ധവുമില്ല: കെ. മുരളീധരൻ

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സഹോദരി പത്മജ വേണുഗോപാലിന്റെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവില്ലെന്നും കെ മുരളീധരൻ. കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും ഇനി പത്മജയുമായി യാതൊരു ബന്ധവുമില്ലെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാൻ നോക്കി തുടങ്ങിയ കര്യങ്ങൾ പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചതെന്ന് കെ മുരളീധരൻ പറഞ്ഞു. 52,000 വോട്ടിന് യുഡിഎഫ് ജയിച്ച മുകുന്ദപുരത്ത് 2004 ൽ ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 2011 ൽ തേറമ്പിൽ രാമകൃഷ്ണൻ 12000 വോട്ടിന് ജയിച്ച സീറ്റിൽ 7000 വോട്ടിന് തോറ്റു. കഴിഞ്ഞ തവണ ആയിരം വോട്ടിന് തോറ്റു. ആരെങ്കിലും കാലുവാരിയാൽ തോൽക്കുന്നതല്ല തെരഞ്ഞെടുപ്പ്. ഇടതുമുന്നണി ജയിക്കുന്ന വട്ടിയൂര്‍ക്കാവിൽ താൻ മത്സരിച്ച് ജയിച്ചില്ലേ. വടകരയിലും താൻ ജയിച്ചില്ലേ. ആരെങ്കിലും കാലുവാരിയാൽ തോൽക്കുമെങ്കിൽ താൻ തോൽക്കണ്ടേയെന്നും മുരളീധരൻ ചോദിച്ചു.