ബിജെപി വിട്ട് പത്മജ വേണുഗോപാല്‍; ചെയ്‌തത് അബദ്ധമെന്ന് തുറന്നുപറച്ചില്‍
തിരുവനന്തപുരം: കോൺഗ്രസിനു വൻ പ്രഹരമേൽപ്പിച്ചു മൂന്നര വർഷം മുൻപ് കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേക്കേറിയ പത്മജ വേണുഗോപാൽ ബിജെപി വിട്ടു. താൻ ബിജെപി വിട്ടുവെന്നും രാജിക്കത്ത് നേതൃത്വത്തിന് കഴിഞ്ഞ ദിവസം തന്നെ ഇ-മെയിൽ ചെയ്തുവെന്നും പത്മജ വേണുഗോപാൽ തന്നെയാണ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷന്‍റെ ഭാഗമായാണ് കോൺഗ്രസ് നേതാവായ പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയത്.
ബിജെപിയുടെ ആശയങ്ങള്‍ അറിയാതെയാണ് അതിലേക്ക് എടുത്തുചാടിയതെന്നും അത് തെറ്റായിപ്പോയെന്നും അവര്‍ പറഞ്ഞു.
രാജിക്കാര്യം ആദ്യം സംസാരിച്ചത് സഹോദരന്‍ കെ മുരളീധരനോടാണ്. ചേട്ടനെ തിരിച്ചുകിട്ടിയെന്നും അതാണ് വലിയ സന്തോഷമെന്നും ഇനി മറ്റൊന്നും വേണ്ടെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസിലെ പദവി കണ്ടല്ല ബിജെപിയില്‍ നിന്ന് രാജിവച്ചത്. തെറ്റുപറ്റിയാല്‍ അത് ഉറക്കെ വിളിച്ചുപറയണമെന്ന് പഠിപ്പിച്ചത് അച്ഛന്‍ കെ കരുണാകരനായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ നരേന്ദ്രമോദിയെയോ അമിത് ഷായെയോ നേരില്‍ കണ്ടിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.
കോൺഗ്രസ് നേതൃത്വം തന്നെ ചതിച്ചുവെന്നും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ തന്നെ കാലുവാരിയത് തനിക്കൊപ്പം പ്രചാരണ വാഹനത്തിന്‍റെ ഇരുവശങ്ങളിലുമായി ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളാണെന്നും ആരോപിച്ച് തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെയും തൃശൂർ മുൻ എംപി ടി.എൻ. പ്രതാപനെയും പത്മജ പ്രതിക്കൂട്ടിലാക്കിയിരുന്നു. തന്റെ പിതാവ് ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസിന്റെ ഈ നടപടികളിൽ മനംനൊന്ത് എന്നേ കോൺഗ്രസ് വിടുമായിരുന്നു എന്നും കോൺഗ്രസ് തനിക്കു മടുത്തുവെന്ന് പിതാവായ കെ. കരുണാകരൻ തന്നെ തന്നോടു വ്യക്തമാക്കിയിരുന്നുവെന്നും പത്മജ നടത്തിയ പ്രസ്താവനകളും കോൺഗ്രസിനു വൻ തിരിച്ചടിയായിരുന്നു.