ശ്രീനാരായണ മിഷൻ സെൻറർ വാഷിംഗ്ടൻ ഡിസി ഗുരുദേവ ജയന്തിയും ഓണാഘോഷവും

Sep 1, 2026 - 06:21
Sep 1, 2026 - 06:31
 0  7
ശ്രീനാരായണ മിഷൻ സെൻറർ വാഷിംഗ്ടൻ ഡിസി ഗുരുദേവ ജയന്തിയും ഓണാഘോഷവും


സിൽവർ സ്പ്രിംഗ്, മേരിലാൻഡ്: വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമായി പ്രവർത്തിക്കുന്ന  പ്രമുഖ ശ്രീനാരായണ സംഘടനയായ  ശ്രീനാരായണ മിഷൻ സെന്റർ (SNMC) 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.



സിൽവർ സ്പ്രിംഗിലെ Odessa Shannon Middle School-ൽ നടന്ന ചടങ്ങിൽ ജാതിമതഭേദമന്യേ നിരവധി പേർ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.  തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന വർണാഭമായ ജയന്തിഘോഷയാത്രയും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി.  പ്രായഭേദമന്യേ കുടുംബാംഗങ്ങൾ  അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, അതിമനോഹരമായ തിരുവാതിര, ഫ്യൂഷൻ   ഡാൻസ്, കുട്ടികളുടേയും മുതിർന്നവരുടെയും  ഗാന-നൃത്താവതരണങ്ങൾ  തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടി.



പാർവതി അഭിലാഷ് ആലപിച്ച ദൈവദശകം ശ്രദ്ധേയമായി. ഈ വർഷം ആരംഭിച്ച ഗുരുഗീതം പ്രാർഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഗുരുദേവ കീർത്തനാലാപനവും സദസ്സിന്റെ ശ്രദ്ധ നേടി.
ചടങ്ങിൽ സ്വാഗത പ്രസംഗം  നടത്തിയ  മിഷൻ സെന്റർ പ്രസിഡൻറ്  ശ്രീ സന്ദീപ് പണിക്കർ, ഓണമെന്ന മധുരമനോഹരമായ ഓർമ്മ നമ്മളിലേക്ക് പകർന്നു  തരുന്ന സന്ദേശത്തെ കുറിച്ചും, സങ്കൽപ്പത്തിൽ മാത്രമുള്ള അത്തരം ഒരു നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ  അന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ  ഗുരുദേവൻ ചെയ്ത പ്രവർത്തനങ്ങളെ കുറിച്ചും, ഗുരുദേവ ആശയങ്ങൾക്ക് ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു.  


അടുത്തിടെ ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും നടത്തിയ പ്രകടനങ്ങളിലൂടെ Guinness World Records-ൽ ഇടം നേടിയ മിഷൻ സെന്റർ കുടുംബാംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

ഈ വർഷം വിവിധ വിദ്യാലയങ്ങളിൽനിന്ന് ബിരുദം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

മിഷൻ സെന്റർ സെക്രട്ടറി ശ്രീ. സജീവ് സദാനന്ദൻ നന്ദി പ്രകാശനം നടത്തി. അനിൽ കുമാറും ഷീബ സുമേഷും പരിപാടിയുടെ എംസിമാരായി പ്രവർത്തിച്ചു.