പലസ്തീൻ അനുകൂല പ്രതിഷേധം; ഇന്ത്യൻ വംശജയായ വിദ്യാര്‍ഥിനി യുഎസില്‍ അറസ്റ്റില്‍

പലസ്തീൻ അനുകൂല പ്രതിഷേധം;  ഇന്ത്യൻ വംശജയായ വിദ്യാര്‍ഥിനി  യുഎസില്‍ അറസ്റ്റില്‍
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസില്‍ അറസ്റ്റില്‍. വിഖ്യാതമായ പ്രിൻസ്റ്റണ്‍ സർവകലാശാല വിദ്യാർഥിനിയായ കോയമ്ബത്തൂർ സ്വദേശിനി അചിന്ത്യ ശിവലിംഗനാണ് അറസ്റ്റിലായത്.അചിന്ത്യക്കൊപ്പം മറ്റ് രണ്ട് വിദ്യാർഥികള്‍കൂടി അറസ്റ്റിലായിട്ടുണ്ട്.

അച്ചടക്കനടപടിയുടെ ഭാഗമായി അചിന്ത്യയെ കാമ്ബസില്‍നിന്നു സസ്പെൻഡും ചെയ്തു. കാമ്ബസിനുള്ളില്‍ പലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ചതിനാണു നടപടി.

വ്യാഴാഴ്ച രാവിലെ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് അചിന്ത്യ അടക്കമുള്ള വിദ്യാർഥികള്‍ യൂണിവേഴ്സിറ്റി കാമ്ബസില്‍ പ്രതിഷേധ ക്യാമ്ബ് സംഘടിപ്പിച്ചത്. തുടക്കത്തില്‍ 110 പേരാണ് സമരത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍, അറസ്റ്റിന് പിന്നാലെ പ്രതിഷേധക്കാരുടെ എണ്ണം 300 ആയി ഉയർന്നു.

ബിരുദ വിദ്യാർഥികളായ അചിന്ത്യയും ഹസൻ സെയ്ദുമാണ് ആദ്യം അറസ്റ്റിലായത്. കുത്തിയിരിപ്പ് സമരത്തിനായി ടെന്‍റുകള്‍ സ്ഥാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. വിദ്യാർഥികള്‍ക്കു മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

ഇസ്രയേലിനെതിരേ യുഎസ് സർവകലാശാലകളില്‍ വിദ്യാർഥി പ്രതിഷേധം ശക്തമാകുകയാണ്. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണു വിദ്യാർഥികള്‍ കാമ്ബസുകളെ സമരകേന്ദ്രങ്ങളാക്കുന്നത്.