കുടുംബങ്ങളില്‍ മൂന്ന് കുട്ടികള്‍ വേണം : ഹിന്ദു ജനസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മോഹന്‍ ഭാഗവത്

Feb 18, 2026 - 18:03
 0  7
കുടുംബങ്ങളില്‍ മൂന്ന് കുട്ടികള്‍ വേണം : ഹിന്ദു ജനസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്  മോഹന്‍ ഭാഗവത്

ലഖ്നൗ: ഹിന്ദു കുടുംബങ്ങളില്‍ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ലഖ്നൗവിലെ സരസ്വതി ശിശു മന്ദിറില്‍ നടന്ന ഒരു സാമൂഹിക ഐക്യ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ ആഹ്വാനം മുന്നോട്ടുവെച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദു ജനസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഭാഗവത്, ഹിന്ദു സമൂഹങ്ങളെ ഒന്നിപ്പിക്കേണ്ടതിന്റെയും ശാക്തീകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ക്ഷേത്രങ്ങള്‍, കിണറുകള്‍, ശ്മശാനങ്ങള്‍ എന്നിവ എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നിടണമെന്നും വിവേചനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു

നിലവില്‍ ഭീഷണികളൊന്നുമില്ലെങ്കിലും വിവാഹത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് മറന്നു പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയമായ പഠനങ്ങള്‍ പ്രകാരം ഒരു സമൂഹത്തിന്റെ ഫെര്‍ട്ടിലിറ്റി നിരക്ക് മൂന്നില്‍ താഴെയാകുന്നത് ആ സമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും ഭാവിയില്‍ അപ്രത്യക്ഷമാകാന്‍ വരെ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് മൂന്ന് കുട്ടികള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നവ ദമ്പതികളെ ഇക്കാര്യങ്ങള്‍ ബോധവല്‍കരിക്കണം. വിവാഹത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റുക മാത്രമല്ല, സൃഷ്ടിയെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണെന്ന് നവദമ്പതികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 

ആരോഗ്യപരമായ കാരണങ്ങളാല്‍ 19-നും 25-നും ഇടയില്‍ വിവാഹം കഴിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു സമൂഹം ഐക്യത്തോടും ജാഗ്രതയോടും കൂടി ഇരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃശക്തിയാണ് കുടുംബത്തിന്റെ അടിസ്ഥാന ശിലയെന്നും അവര്‍ ഒരിക്കലും ദുര്‍ബലരായിരിക്കരുതെന്നും സ്വയം പ്രതിരോധിക്കാന്‍ പരിശീലനം നേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു