മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി ഉത്സവം 23ന് നടക്കും

മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി ഉത്സവം 23ന് നടക്കും

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം 23ന് നടക്കും.

വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്‌നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്.

രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടും. ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കുകയുമില്ല. രാവിലെ 4 മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹായികള്‍ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിടും. അഞ്ചുമണിയോടെ ട്രാക്ടറുകളില്‍ ഭക്ഷണവും കയറ്റിവിടും. ഓരോ ട്രാക്ടറുകളിലും ആറു പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല. ട്രാക്ടറുകളില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല.

ഡിസ്പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണ സാധനങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ പാസ് ലഭിച്ച നാലുചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിപ്പിക്കണം. ഉത്സവ ദിവസം വാഹനങ്ങളില്‍ അമിതമായി ആളെ കയറ്റാന്‍ അനുവദിക്കില്ല.