ലക്ഷദ്വീപില്‍ സ്കൂളുകളില്‍ മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപില്‍ സ്കൂളുകളില്‍ മലയാളം മീഡിയം ഒഴിവാക്കുന്നു

കൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളില്‍ മലയാളം മീഡിയം നിര്‍ത്തലാക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനം സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ പറയുന്നു.

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം.

അതേസമയം നിലവില്‍‌ 9, 10 ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരെ പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 9, 10 ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് പഴയ സിലബസില്‍ പരീക്ഷ എഴുതാം. രണ്ട് വര്‍ഷത്തേക്കാണ് ഈ ഇളവ് ഉണ്ടായിരിക്കുക.

നിലവില്‍ രണ്ട് വിധത്തിലുമുള്ള പാഠ്യ പദ്ധതിയും ലക്ഷദ്വീപിലുണ്ട്. നിലവില്‍ മലയാളം കരിക്കുലത്തില്‍ പഠിക്കുന്ന സ്കൂളുകള്‍ക്കാണ് പുതിയ നിര്‍ദ്ദേശം. ഇനി ഒന്നാം ക്ലാസ് മുതല്‍ സി ബി എസ് ഇ സിലബസ് പ്രകരാമായിരിക്കും പഠനം എന്ന് ഉത്തരവില്‍ പറയുന്നു.

മലയാളം മീഡിയം ക്ലാസുകള്‍ സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. രണ്ട് മുതല്‍ എട്ട് വരെ ക്ലാസുകളിലാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നത്. മലയാളം ഐശ്ചിക വിഷയമായി പഠിക്കാം. വിദ്യാഭ്യാസം നിലവാരം ഉയര്‍ത്താനാണ് നടപടിയെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നുത്.

21-ാം നൂറ്റാണ്ടിലേക്ക് ആവശ്യം ആയ നൈപുണ്യങ്ങള്‍ നേടുന്നതിനും മത്സര പരീക്ഷകളില്‍ നേട്ടമുണ്ടാക്കുന്നതിനും വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിനാണ് പുതിയ പരിഷ്ക്കാരം എന്നാണ് ഉത്തരവില്‍ പറയുന്നത്