കെജ്രിവാളിന് ന്യായമായ നിയമനടപടികള്‍ ഉറപ്പാക്കണം; അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ചുവരുന്നു; ജര്‍മനിയ്ക്ക് പിന്നാലെ പ്രതികരണവുമായി അമേരിക്കയും

കെജ്രിവാളിന് ന്യായമായ നിയമനടപടികള്‍ ഉറപ്പാക്കണം; അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ചുവരുന്നു; ജര്‍മനിയ്ക്ക് പിന്നാലെ പ്രതികരണവുമായി അമേരിക്കയും

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും, ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍  പ്രതികരണവുമായി ജർമ്മനിക്ക് പിന്നാലെ  അമേരിക്കയും.

ജയിലിലായ ഡല്‍ഹി മുഖ്യമന്ത്രിക്ക് ന്യായയുക്തവും, സുതാര്യവും, സമയബന്ധിതവുമായും നിയമനടപടികള്‍ ഉറപ്പാക്കണമെന്ന് യുഎസ് അഭിപ്രായപ്പെട്ടു. വിദേശകാര്യ വക്താവ് റോയിട്ടേഴ്‌സിനെ ഈയാഴ്ച അറിയിച്ചതാണിക്കാര്യം. കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോർട്ടുകള്‍ യുഎസ് സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും വക്താവ് പറഞ്ഞു.

ആരോപണം നേരിടുന്ന ഏതൊരു വ്യക്തിയെയും പോലെ കെജ്രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടൈന്ന ജർമനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ പ്രസ്താവന. പരാമർശത്തില്‍ ജർമനിയെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ജർമൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ശനിയാഴ്ച, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ജർമനിയുടെ വിദേശകാര്യവക്താവ് പ്രസ്താവന പുറത്തിറക്കിയിരുന്നു.

 തുടർന്നാണ് ഇന്ത്യയിലെ ജർമൻ എംബസിയിലെ ഉന്നതോദ്യോഗസ്ഥൻ ജോർജ് എൻസ്വീലറിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും പ്രസ്താവനയ്ക്കെതിരേ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തത്. ഇന്ത്യയുടെ നിയമനടപടിക്രമങ്ങളിലേക്കുള്ള കൈ കടത്തലാണെന്ന വിമർശനവും ഉന്നയിച്ചിട്ടുണ്ട്.