ഹാഫീസ് സയീദിനെ വിട്ടുതന്നേ പറ്റൂ'- പാകിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ

ഹാഫീസ് സയീദിനെ വിട്ടുതന്നേ പറ്റൂ'- പാകിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ

രാജ്യം നടുങ്ങിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനും ഭീകരനുമായ ഹാഫിസ് സയീദിനെ തങ്ങള്‍ക്കു കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാഫിസ് സയീദിനെ കൈമാറാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തോട് ഇന്ത്യൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാക് മാധ്യമമായ ഇസ്ലാമാബാദ് പോസ്റ്റാണ് ഈ അവകാശവാദം ഉന്നയിച്ച്‌ രംഗത്തെത്തിയത്. പാകിസ്ഥാനില്‍ നിന്ന് ഹാഫിസ് സയീദിനെ കൈമാറാൻ ഇന്ത്യൻ സര്‍ക്കാര്‍ ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചതായാണ് ഇസ്ലാമാബാദ് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നത്. നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചനകളനുസരിച്ച്‌ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യാ ഗവണ്‍മെൻ്റില്‍ നിന്ന് ഒരു ഔദ്യോഗിക അഭ്യര്‍ത്ഥന ലഭിച്ചുവെന്നും പാക് മാധ്യമം അവകാശപ്പെടുന്നു.

മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാരടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കയും ഇയാളുടെ സംഘടനയെ തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. 10 മില്യണ്‍ ഡോളറാണ് യുഎസ് ഹാഫീസ് സയീദിൻ്റെ തലയ്ക്കു വിലയിട്ടിരിക്കുന്നത്.

ലഷ്‌കര്‍-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ സ്ഥാപകനായ ഹാഫിസ് മുഹമ്മദ് സയീദ് നിരോധിത ജമാഅത്ത് ഉദ് ദവയുടെ ചില നേതാക്കള്‍ക്കൊപ്പം 2019 മുതല്‍ ജയിലിലാണ്.