(ഇന്ന് ലോക വയോജന ദിനം) വാർധക്യം, നാമോരോരുത്തർക്കും നടന്നുപോവേണ്ട നടപ്പാതയാണെന്ന തിരിച്ചറിവ് എപ്പോഴുമുള്ളിലുണ്ടാവണം. മക്കളെ കണ്ടും മാമ്പൂ കണ്ടും മരിക്കുക മനുഷ്യന്റെ അന്ത്യാഭിലാഷമാണ്. വൃദ്ധസദനത്തിലെ ബെഞ്ചിൽ പ്രിയപ്പെട്ടവരുടെ വരവിനായി കാത്തിരിക്കുന്നവർ.
മക്കളുണ്ടായിട്ടും, അനാഥരാക്കപ്പെട്ട മാതാപിതാക്കളുടെ ഹൃദയ നൊമ്പരങ്ങളുടെ വിലാപം നമ്മെ അസ്വസ്ഥമാക്കേണ്ടതുണ്ട്. ഏകാന്തതയുടെ തടവറയിൽ കഴിയുന്ന ഒറ്റപ്പെട്ട മാതാപിതാക്കളൊടൊപ്പം ചേർന്നു നിൽക്കുവാനായി ഒരു ഓർമ്മപ്പെടുത്തലാവട്ടെ ഈ വർഷത്തെ വയോജന ദിനം.........!)
നെഞ്ചോടു ചേർത്ത് പിടിക്കാം,
നമുക്കു മുൻപേ ഗമിച്ചവരെ ......!
ശോഷിച്ച കരങ്ങൾക്ക് ഊന്നുവടിയാകാം,
കുഴിഞ്ഞ കണ്ണുകളിലെ
അണയാറായ തിരിനാളങ്ങൾക്ക്
പ്രകാശം പകരാം,
ചിലന്തിവല പോലെ
ചുക്കിചുളിഞ്ഞ മുഖങ്ങൾ
പല്ലുകൾ പോലെ കൊഴിഞ്ഞുപോയ മോഹങ്ങളും,
ഒട്ടിയ കവിൾ പോലെ നഷ്ടമായ
സ്വപ്നങ്ങൾ,
അവസാന അഭിലാഷങ്ങളും പൂർത്തീകരിച്ചു നല്കാം.
ഇനി അര നാഴികനേരം മാത്രം.
ഓർമ്മകൾ ശാപമാകുന്ന മാത്രയിൽ
മറവി ഒരു അനുഗ്രഹമാവാം.
തീർത്ഥങ്ങൾ ഇറ്റിച്ചു വീഴ്ത്താം നാവിൽ ,
അസ്തമയത്തിനു മുമ്പേ അല്പസമയം
അവരോടൊപ്പം ചിലവഴിക്കാം.
അകലുന്ന ബന്ധങ്ങൾ
നോവായി മാറുന്ന നേരം
സ്നേഹത്തിൻ സാന്ത്വന സ്പർശനങ്ങളാകാം;
വൃദ്ധമാനസ വ്യഥകളിലൊരു കുളിരായി പെയ്തിറങ്ങാം
മരണത്തിൻ പദനിശ്വനം
പടിവാതിലിൽ നിന്നു പതിഞ്ഞ സ്വരത്തിൽ
പ്രാണനെ മടക്കി വിളിക്കുന്നു.
ഉയിർതന്ന ഉടയോൻ്റെ ഊഷ്മളമാം
കരങ്ങൾ ഉടലിൽ തലോടുമ്പോൾ
ഒന്നായിരുന്ന ആത്മ-ദേഹികൾ വേർപിരിയലിൻ്റെ വേദനയിൽ
വിട പറയുന്നു.
കാഴ്ചകൾ മങ്ങുന്നു കേൾവി കുറയുന്നു,
ജീവന്റെ തുടിപ്പ് മെല്ലെ, മെല്ലെപ്പടിയിറങ്ങുന്നു.
നേട്ടങ്ങളെല്ലാം തേരട്ടകളായ്
ഊറ്റിക്കുടിച്ച ഉറ്റവർ ചുറ്റും.
മരണം കണ്ടു മടങ്ങിപ്പോവാൻ
കോപ്പുകൂട്ടുന്നവർ
ഒടുവിൽ അസ്ഥിപഞ്ജരത്തിനുള്ളിൽ
കുറുകുന്നു പ്രാണൻ പ്രാവുകൾ പോലെ
ആഴമാം അനുഭവ തഴമ്പുള്ള കരങ്ങള്‍ ചേര്‍ത്ത് പിടിക്കാം;
ശുഷ്കിച്ച വിരലുകളിലൊന്നമർത്തി പിടിക്കാം
ഒരായുസ്സു മുഴുവൻ തളംകെട്ടി നിന്ന
കണ്ണുനീർത്തുള്ളികൾ മനസ്സിൻ്റെ കൈലാസ്സിൽ ഒപ്പിയെടുക്കാം.
കൂടു വിട്ടു പറക്കുന്ന പക്ഷിക്കു യാത്രാമൊഴി നൽകാം.
ഇനി ശാന്തിയുടെ മറുകരയിലൂടെ
ഇമ്പങ്ങളുടെ പറുദീശയിലേക്ക്
സ്വച്ഛന്ദം പറന്നുയരട്ടെ .......
വാർധക്യം ബാധ്യതയല്ല
അത് കടമകളുടെ ഉൾക്കടലാകണം.
അവഗണനയല്ല ആത്മവിശ്വാസം പകരണം
കാരുണ്യത്തിൻ കടലോരത്ത്
കനിവിൻ നിറവാകാം നമുക്കിനി
സ്നേഹമസൃണമാം മണലോരത്ത്
കരങ്ങൾ കൂട്ടിപ്പിടിച്ചു പരിചരിക്കാം.
നെഞ്ചോടു ചേർത്ത് പിടിക്കാം,
നമുക്കു മുൻപേ ഗമിച്ചവരെ ,
ഇനി അര നാഴികനേരം മാത്രം......!
ഡോ.ചെറിയാൻ ടി കീക്കാട് - +971 50 65 98 227