കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം; ഇന്ത്യക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ഇസ്രയേല്‍ സൈന്യം

Jun 14, 2025 - 15:23
 0  8
കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം; ഇന്ത്യക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ഇസ്രയേല്‍ സൈന്യം

ന്യൂഡല്‍ഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികളുടെ തെറ്റായ ഭൂപടം  പോസ്റ്റ് ചെയ്തതില്‍ ഇസ്രയേല്‍ സൈന്യം ക്ഷമാപണം നടത്തി. മാപ്പില്‍ ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി തെറ്റായാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) കാണിച്ചിരുന്നത്. അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് ഐഡിഎഫ് സമ്മതിച്ചു. പക്ഷേ അത് മേഖലയുടെ ഇലസ്‌ട്രേഷന്‍ മാത്രമാണെന്നും അവര്‍ അവകാശപ്പെട്ടു.

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ഐഡിഎഫ് പോസ്റ്റിനെതിരെ ഇന്ത്യന്‍ ഉപയോക്താക്കള്‍ രംഗത്തുവന്നിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടി ഇസ്രയേല്‍ സൈന്യത്തോട് ഉടന്‍ പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നിരവധി കമന്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ചിലര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ടാഗ് ചെയ്തും തെറ്റ് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രതിരോധ സേന ക്ഷമാപണം നടത്തിയത്.

ഇന്ത്യന്‍ റൈറ്റ് വിങ് കമ്മ്യൂണിറ്റി എന്ന എക്‌സ് ഹാന്‍ഡിലിന്റെ ട്വീറ്റിന് മറുപടി നല്‍കുന്ന തരത്തിലാണ് ഇസ്രയേല്‍ പ്രതിരോധ സേന ക്ഷമാപണം നടത്തിയത്. 'ഈ പോസ്റ്റ് പ്രദേശത്തിന്റെ ഇലസ്‌ട്രേഷന്‍ ആണ്. ഈ ഭൂപടം അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ പരാജയപ്പെട്ടു. തെറ്റില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു'- ഇസ്രയേല്‍ പ്രതിരോധ സേന കുറിച്ചു.

ഇറാന്‍ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രയേല്‍ സേന ഇന്ത്യന്‍ പ്രദേശത്തെ തെറ്റായി നല്‍കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അടക്കം ടാഗ് ചെയ്തുകൊണ്ട് എക്‌സിലൂടെയായിരുന്നു പ്രതിഷേധങ്ങള്‍. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.