വധഭീഷണി: ബങ്കറില്‍ അഭയംതേടി ആയത്തുള്ള അലി ഖമീനി; പിൻഗാമികളെ നിർദേശിച്ചെന്ന് റിപ്പോർട്ട്

ടെഹ്‌റാന്‍: ഇസ്രയേൽ - ഇറാൻ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ബങ്കറില്‍ അഭയം തേടിയതായി റിപ്പോർട്ട്. വധഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള ആശയവിനിമയങ്ങൾ താൽക്കാലികമായി ഒഴിവാക്കിയതായും റിപ്പോർട്ടുണ്ട്.
വിശ്വസ്തരായ ദൂതന്മാർ വഴിയാണ് അദ്ദേഹം കമാൻഡർമാരുമായി സംസാരിക്കുന്നതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, തന്റെ പകരക്കാരെ ഖമീനി നാമനിർദ്ദേശം ചെയ്തായാണ് വിവരം. മൂന്നു പേരെയാണ് നാമനിർദ്ദേശം ചെയ്തത്. കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥർക്കും പകരക്കാരെ നിയമിച്ചിട്ടുണ്ട്.
ഇസ്രായേലും അമേരിക്കയും തന്നെ വധിക്കാൻ ശ്രമിച്ചേക്കാമെന്ന് 86 കാരനായ ഖമേനിക്ക് അറിയാമെന്നും, രക്തസാക്ഷിത്വമായാണ് ആദ്ദേഹം ഇതിനെ കാണുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. താൻ കൊല്ലപ്പെട്ടാൽ ഉടൻ തന്നെ നാമനിർദ്ദേശം ചെയ്ത മൂന്നു പേരുകളിൽ നിന്ന് ഒരാളെ പിൻഗാമിയായി തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സാധാരണയായി, ഈ പ്രക്രിയയ്ക്ക് മാസങ്ങൾ എടുത്തേക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ത്വരിതവും നിയന്ത്രിതവുമായ ഒരു നേതൃത്വമാറ്റം ഉറപ്പാക്കാനാണ് ഖമീനി ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.