ഇറാനിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കും: ഇന്ത്യൻ എംബസി

Jun 21, 2025 - 19:30
 0  9
ഇറാനിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കും: ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിന്റെ ഭാഗമായ നാലാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി. വിമാനത്തില്‍ ഒരു മലയാളിയുമുണ്ട്. ടെഹറാന്‍ ഷാഹിദ് ബെഹ്ഷത്തി സര്‍വകലാശാല ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്. നാലാമത്തെ വിമാനത്തില്‍ 256 പേരാണുള്ളത്. ഇതോടെ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 773 പേര്‍ നാട്ടിലെത്തി.  

ഇറാനിലുള്ള മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി. ടെലഗ്രാം ചാനൽ വഴിയോ അടിയന്തര ഹെൽപ്‌ലൈൻ നമ്പർ വഴിയോ ഇന്ത്യക്കാർ എത്രയും വേഗം ബന്ധപ്പെടണമെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. +989010144557, +989128109115, +989128109109 എന്നിവയാണ് ഇന്ത്യൻ എംബസിയുടെ എമർജൻസി കോൺടാക്റ്റ് നമ്പരുകൾ. https://t.me/indiansiniran എന്ന ടെലഗ്രാം ലിങ്ക് വഴിയാണ് ഇന്ത്യക്കാർ എംബസിയുമായി ബന്ധപ്പെടേണ്ടത്.

നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെ ഇറാനിൽ നിന്ന് ഒഴിപ്പിക്കാൻ സഹായിക്കുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും സർക്കാരുകളുടെ അഭ്യർത്ഥനപ്രകാരമാണ് നടപടിയെന്നും അറിയിച്ചിട്ടുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹര്യത്തിലാണ് പശ്ചിമേഷ്യൻ രാജ്യത്ത് നിന്ന് തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ ഓപ്പറേഷൻ സിന്ധു ദൗത്യം തുടങ്ങിയത്. ഇന്ത്യൻ ദൗത്യം സുഗമമാക്കുന്നതിനായി ഇറാൻ വ്യോമാതിർത്തി താൽക്കാലികമായി തുറന്നു നൽകിയിരുന്നു.