ഇറാന്റെ ഇസ്ഫഹാന്‍ ആണവ നിലയം ആക്രമിച്ചെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 657 പേര്‍ കൊല്ലപ്പെട്ടതായാണ് ഇറാന്‍ ആരോഗ്യമന്ത്രാലയം പറയുന്നത്.
ഇറാന്റെ ഇസ്ഫഹാന്‍ ആണവ കേന്ദ്രത്തിനു നേരെയാണ് ഇന്ന് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതു രണ്ടാം തവണയാണ് ഇസ്ഫഹാന്‍ ആണവകേന്ദ്രം ഇസ്രയേല്‍ വ്യോമസേന ലക്ഷ്യമിടുന്നത്. ജൂണ്‍ 13നായിരുന്നു ഇറാനിലെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആദ്യ ആക്രമണം നടത്തിയത്.
ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) കണക്കനുസരിച്ച്, ഏകദേശം 50 യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയില്‍ നിര്‍ണായക സ്ഥാനമാണ് ഇസ്ഫഹാന്‍ ആണവ കേന്ദ്രത്തിന് ഉള്ളത്. യുറേനിയം സമ്പൂഷ്ടീകരണ സൗകര്യവും ആണവ ഇന്ധന നിര്‍മാണ പ്ലാന്റും ഇവിടെയുണ്ട്.
തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ ശക്തമായ സ്ഫോടനം നടന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ തെക്കന്‍ നഗരമായ ഷിറാസിലെ ഒരു സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇസ്രയേലി വ്യോമാക്രമണം നടന്നെന്നും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാല് റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കിയിരുന്നു