മകള്‍ സന്തോഷവതിയാണ്, അവളുമായി സംസാരിച്ചു: ഹമാസ് മോചിപ്പിച്ച യു എസ് പെണ്‍കുട്ടിയുടെ പിതാവ്

മകള്‍ സന്തോഷവതിയാണ്, അവളുമായി സംസാരിച്ചു: ഹമാസ് മോചിപ്പിച്ച   യു എസ് പെണ്‍കുട്ടിയുടെ പിതാവ്
ഇലിനോയ്സ്: ഇസ്രായേല്‍ -പലസ്തീൻ സംഘര്‍ഷത്തിനിടെ ഹമാസ് ബന്ദികളാക്കിയ യു എസ് പെൺകുട്ടിയെയും അവളുടെ  മാതാവിനെയും ഹമാസ് ഇന്നലെ വൈകിയാണ് മോചിപ്പിച്ചത്.  മകളുമായി സംസാരിച്ചതായും അവള്‍ സന്തോഷവതിയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് ഉറി റാനൻ വെളിപ്പെടുത്തി .
 
ചിക്കാഗോ സ്വദേശികളായ ജൂഡിത്ത് തായ് റാനൻ (59), മകള്‍ നതാലി (17) എന്നിവരെ രണ്ടാഴ്ചക്കു മുമ്ബ് ഇസ്രായേല്‍ പലസ്തീൻ സംഘര്‍ഷത്തിനിടെ ഹമാസ് ബന്ദികളാക്കുകയായിരുന്നു.
 
ഇരുവരെയും സുരക്ഷിതമായി മോചിപ്പിച്ചതില്‍ കുടുംബം സന്തോഷം രേഖപ്പെടുത്തുന്നതായി നതാലി റാനന്റെ അമ്മാവൻ അവ്‌റഹാം സമീര്‍ പറഞ്ഞു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മോചനം സാധ്യമായത്.
 
വെള്ളിയാഴ്ച ഗസ്സ മുനമ്ബിലെ അതിര്‍ത്തിയില്‍ വെച്ച്‌ ഇവരെ ഇസ്രായേല്‍ സേനയ്ക്ക് കൈമാറി. ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീൻ അല്‍-ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദയാണ് മോചനം പ്രഖ്യാപിച്ചത്. അല്‍പ്പസമയത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇത് സ്ഥിരീകരിച്ചു.
 
അവധിക്കാലം ആഘോഷിക്കുന്നതിനായി സെപ്റ്റംബറില്‍ ആരംഭിച്ച യാത്രയുടെ ഭാഗമായാണ് ഗസ്സ അതിര്‍ത്തിയില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള കിബ്ബട്സില്‍ ഇവര്‍ എത്തിയത്. മോചിക്കപ്പെട്ടവര്‍ ഇസ്രായേലിലെ സൈനിക താവളത്തിലാണുള്ളത്. രണ്ട് പേരെയും ഇന്റര്‍നാഷണല്‍ കമ്മിറ്റി ഫോര്‍ റെഡ് ക്രോസ് പ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതിന്റെ വീഡിയോ ഹമാസ് പുറത്തുവിട്ടു.