ഗ്യാനേഷ് കുമാർ ജയിലിലാകും, മോദിയേയും അമിത് ഷായേയും വെറുതെ വിടില്ല; രാഹുൽ ഗാന്ധി

Nov 1, 2026 - 13:37
 0  7
ഗ്യാനേഷ് കുമാർ ജയിലിലാകും, മോദിയേയും അമിത് ഷായേയും വെറുതെ വിടില്ല; രാഹുൽ ഗാന്ധി

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ ജയിലിൽ പോകുക തന്നെ ചെയ്യുമെന്ന് രാഹുൽ പറഞ്ഞു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി ഉണ്ടാകും. രാജ്യത്ത് ജനാധിപത്യത്തെ കുഴിച്ചുമൂടാൻ അനുവദിക്കില്ലെന്നും രാംലീല മൈതാനത്ത് നടന്ന ഇന്ത്യ സഖ്യ റാലിയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.

'രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ശരിയായ പാതയിലാക്കണമെങ്കിൽ ആദ്യം ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ സ്ഥാനത്ത് നിന്ന് പുറത്താക്കണം. മോദിയെ ഓടി രക്ഷപ്പെടാൻ അനുവദിക്കില്ല. ഗ്യാനേഷ് കുമാറിന് ശേഷം നിങ്ങളുടെ പുറകെ ഞങ്ങൾ വരും. നിയമനടപടി സ്വീകരിക്കും. രക്ഷപ്പെടാൻ ആകില്ല.

രാജ്യത്തിൻറ ആത്മാവായ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് മോദി, അമിത് ഷാ, ഗ്യാനേഷ് ത്രയം ആക്രമിച്ചതെന്നും ഇതൊരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്തതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെന്ന തസ്തികയിൽ നിന്നും ഗ്യാനേഷ് കുമാറിനെ പുറത്താക്കുകയാണ് ഇന്ത്യയെ മോചിപ്പിക്കാനുള്ള ശ്രമത്തിൻറെ ആദ്യ പടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം 13.5 കോടി പേരെയാണ് വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്തത്. അതായത് ഏഴ് പേരിൽ ഒരാൾ പട്ടികയിൽ നിന്ന് പുറത്താണ് അല്ലെങ്കിൽ 15 ശതമാനം. 2024 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവും എൻഡിഎയും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 3 ശതമാനം മാത്രമായിരുന്നു. അതൊരു നിയമവിരുദ്ധ തിരഞ്ഞെടുപ്പായിരുന്നു, വോട്ട് മോഷ്ടിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു.

ഇതൊരു സാധാരണമോഷണമല്ല. ഒരു കടയിൽ നിന്നും സാധാനം മോഷ്ടിക്കുന്നത് പോലെ അല്ല. ജനങ്ങളുടെ ശബ്ദമാണ് അപഹരിക്കപ്പെട്ടത്. ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ്. ഇത് രാജ്യദ്രോഹമാണ്. ഈ കാണുന്നത് രാഷ്ട്രീയ പാർട്ടികളുടെ ശബ്ദമല്ല, മറിച്ച് ഇന്ത്യയിലെ യുവാക്കളുടേയും കർഷകരുടേയും ശബ്ദമാണ്. ഗ്യാനേഷ് കുമാർ ജയിലിൽ പോകുക തന്നെ ചെയ്യും. ഗ്യാനേഷ് കുമാർ ഇല്ലാതെ നരേന്ദ്ര മോദിക്ക് പ്രധാനമാന്ത്രിയാകാനും അമിത് ഷായ്ക്ക് ആഭ്യന്തര മന്ത്രിയാകാനും സാധിക്കില്ല', രാഹുൽ ഗാന്ധി പറഞ്ഞു.

ആർഎസ്എസ് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും കൈപ്പിടിയിലാക്കി. ഇതൊക്കെ ജനങ്ങളുടെ സ്വത്താണ്. അല്ലാതെ ആർഎസ്എസിൻ്റേയോ ബിജെപിയുടേതോ അല്ല. ചില വ്യവസായ ഗ്രൂപ്പുകളെ മത്രമാണ് സർക്കാർ സഹായിക്കുന്നത്. എല്ലാ പണവും അദാനി, അംബാനി തുടങ്ങിയ ഏതാനും വ്യക്തികളിലേക്ക് മാത്രമാണ് പോകുന്നത്. അവരുടെ ലോണുകൾ എഴുതി തള്ളുകയാണ്. എന്നാൽ ഒരു കർഷകൻ്റെ മകൻ ലോണെടുത്ത് അതിൻ്റെ തിരിച്ചടവ് മുടങ്ങിയാൽ അവരെ ജയിലിൽ അടക്കുകയാണ്. എല്ലാം അദാനിയുടെ കൈപ്പിടിയിലായ ഒരു രാജ്യം നമ്മുക്ക് വേണ്ട.

എല്ലാവരേയും ഉൾക്കൊള്ളുന്ന രാജ്യമാണ് ഞങ്ങൾക്ക് വേണ്ടത്. ഒരു കർഷകൻ കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ അവന് അവൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കണം. ഒരു വിദ്യാർത്ഥി 18 മണിക്കൂർ പഠിക്കുകയാണെങ്കിൽ അവന് അതിന് അർഹമായ അവസരം ലഭിക്കണം. ഞങ്ങൾ ബി.ജെ.പിയേയോ ആർഎസ്എസിനേയോ ആക്രമിക്കില്ല. അവരെ കൊല്ലാനും പദ്ധതിയില്ല. മതത്തേക്കാളും ഞങ്ങൾക്ക് പ്രധാനം ജനങ്ങളാണ്. എന്നോട് എൻ്റെ മതം ഏതാണെന്ന് ചോദിച്ചാൽ അത് ജനങ്ങളുടെ ശബ്ദമാണെന്ന് ഞാൻ പറയും. ബിജെപിയും ആർഎസ്എസും ഇവിടെ വിദ്വേഷം പരത്തി, അവർ ഈ രാജ്യത്തെ നശിപ്പിക്കുകയാണ്', രാഹുൽ പറഞ്ഞു.