ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരള നിയമസഭ പ്രമേയം പാസാക്കി, എതിർത്ത് ബിജെപി
തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി കേരള നിയമസഭ. ഗ്യാനേഷ് കുമാറിന്‍റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശ്വസ്യത നഷ്ടപ്പെടുത്തിയെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാനായി പ്രമേയം പാസാക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിലവതരിപ്പിച്ച പ്രമേയത്തെ യുഡിഎഫ് - എൽഡിഎഫ് എംഎൽഎമാർ പിന്തുണച്ചു. 3 ബിജെപി എംഎൽഎമാർ ഇതിൽ എതിർപ്പറിയിച്ചു.
എസ്ഐആർ അപാകത കാരണം അർഹരായവർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായെന്നടക്കം പ്രമേയം കുറ്റപ്പെടുത്തി. നിലവിലെ കമ്മിഷന്‍റെ വിശ്വാസ്യത ഇല്ലാതാക്കി. ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണം. കമ്മിഷണമാരെ തെരഞ്ഞെടുക്കുന്ന രീതി മാറ്റണം.
പ്രമേയത്തെ ശക്തമായി എതിർത്ത് ബിജെപി പ്രമേയത്തിൽ ഭേദഗതിയടക്കം നിർദേശിച്ചു. എസ്ഐആറിൽ അപാകതയാമെന്ന് പ്രമേയം പാസാക്കിയാൽ നിയമസഭാ കക്ഷികളെ പിരിച്ചുവിടുകയാണെ വേണ്ടതെന്ന് ബി.ബി. ഗോപകുമാർ ഭേദഗതി അവതരിപ്പിച്ചു.