'കുട്ടു' : സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗ്യചിഹ്നംപ്രകാശനം ചെയ്തു
തിരുവനന്തപുരം ; ഈ മാസം 25 മുതല്‍ 31 വരെ കോഴിക്കോട്ട് നടക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഭാഗ്യചിഹ്നമായ ‘കുട്ടു’ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രകാശനം ചെയ്തു. കൊല്ലം ജില്ലയിലെ കെ എന്‍ എന്‍ എം എച്ച് എസ് എസിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി ആര്‍ എസ് ലക്ഷ്മി നന്ദനയാണ് ഭാഗ്യചിഹ്നം രൂപകല്‍പ്പന ചെയ്തത്.
മേളക്ക് മുന്നോടിയായി തിരുവനന്തപുരത്ത് നിന്ന് 22ന് ആരംഭിക്കുന്ന സ്വര്‍ണക്കപ്പ് ഘോഷയാത്രയും കാസര്‍കോട് നിന്ന് 23ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണവും 25ന് കോഴിക്കോട് ബീച്ചിലെത്തും. ഉദ്ഘാടനച്ചടങ്ങില്‍ നാലായിരം കായികതാരങ്ങള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റും മൂവായിരം കുട്ടികള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. മുഖ്യമന്ത്രി വി ഡി സതീശന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്സ് താരങ്ങള്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
പത്ത് മത്സരവേദികളിലായി നടക്കുന്ന കായികമേളയില്‍ പതിനയ്യായിരത്തോളം പേര്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയില്‍ നിന്ന് 48 വിദ്യാര്‍ഥികളാണ് ഇത്തവണ മത്സരത്തിനെത്തുക. 27 മുതല്‍ 31 വരെ കോഴിക്കോട് എന്‍ ഐ ടിയില്‍ നടക്കുന്ന പ്രധാന അത്ലറ്റിക്സ് മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2,800 കായിക താരങ്ങള്‍ മാറ്റുരക്കും. ഇന്‍ക്ലൂസിവ് കായികമേള 26ന് സംഘടിപ്പിക്കും.