തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടീഷ് എൻജിനീയർമാർ നാളെ എത്തും

തിരുവനന്തപുരം ; കഴിഞ്ഞ മാസം അടിയന്തരമായി നിലത്തിറക്കിയതിനെത്തുടർന്ന് മൂന്നാഴ്ചയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന എഫ്-35 യുദ്ധവിമാനം പരിശോധിക്കുന്നതിനായി ബ്രിട്ടനിൽ നിന്ന് 25 ഓളം വരുന്ന വ്യോമയാന എൻജിനീയർമാരുടെ സംഘം നാളെ എത്തും.
വിമാനത്തിലെ തകരാർ ഇവിടെ വെച്ച് തന്നെ നന്നാക്കാൻ കഴിയുമോ അതോ യു കെയിലേക്ക് തിരികെ കൊണ്ടുപോകേണ്ടി വരുമോ എന്ന് ഈ സാങ്കേതിക വിദഗ്ദ്ധരുടെ സംഘം വിലയിരുത്തും.
റോയൽ നേവിയുടെ എഫ്-35 യുദ്ധവിമാനം അടുത്തുള്ള എം ആർ ഒ (MRO – Maintenance, Repair and Operations) കേന്ദ്രത്തിൽ നന്നാക്കാൻ ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിരുന്നു. നേരത്തെ, F-35 ഭാഗികമായി വേർപെടുത്തി ഒരു ട്രാൻസ്പോർട്ട് വിമാനത്തിൽ യു കെയിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിമാനം അറ്റകുറ്റപ്പണി നടത്തി പറക്കാൻ യോഗ്യമാക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ നീക്കം.