ഇവിഎം ഹാക്കിംഗിന് തെളിവില്ല: തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലന്ന് സുപ്രീംകോടതി

ഇവിഎം ഹാക്കിംഗിന് തെളിവില്ല:  തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ല എന്ന് സുപ്രീംകോടതി. വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച്‌ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ സമഗ്രമായി പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ ആണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ഭരണഘടനാപരമായ അതോറിറ്റിയായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാനാകില്ല എന്നും കോടതി പറഞ്ഞു.

വിവിപാറ്റ് ഹര്‍ജികള്‍ വിധി പറയാനായി കോടതി മാറ്റി വെച്ചു. കേവലം സംശയത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് ഹര്‍ജിക്കാരനായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ച ആശങ്കകളോട് പ്രതികരിച്ചുകൊണ്ട് കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് പ്രതികരണം.

വിവിപാറ്റ് സൃഷ്ടിച്ച പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച്‌ ഇവിഎമ്മുകളില്‍ ഓരോ വോട്ടും ക്രോസ് വെരിഫൈ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. നിലവില്‍, എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകള്‍ക്കായാണ് ഈ ക്രോസ് വെരിഫിക്കേഷന്‍ നടത്തുന്നത്. ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.