ഡിമൻഷ്യയെ കരുതിയിരിക്കാം: ചെറിയാൻ ടി കീക്കാട്

ഡിമൻഷ്യയെ കരുതിയിരിക്കാം: ചെറിയാൻ ടി കീക്കാട്

ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം .


 ലോകമെമ്പാടും ഈ രോഗത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി നിരവധി പ്രോഗ്രാമുകൾ ഉണ്ട്, കൂടാതെ രോഗത്തിന് ശാശ്വതമായ ചികിത്സ കണ്ടെത്തുന്നതിനായി നിരവധി ഗവേഷണങ്ങളും നടക്കുന്നുണ്ട്. 
ബ്ലെസി സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച 'തന്മാത്ര' എന്ന ചിത്രം പുറത്തിറങ്ങിയതിന് (2005) നമ്മൾ, പ്രത്യേകിച്ച് മലയാളികൾ ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നത്.
ഡിമൻഷ്യ ("മറവി" രോഗം, അല്ലെങ്കിൽ മേധാക്ഷയം) ഉണ്ടാകുന്നത് എങ്ങനെ തടയാം..?
ഈ "മറവി രോഗം" എന്ന് പറയുന്നത് ഒരു over simplification ആണ്. കാരണം "ഡിമൻഷ്യ" അഥവാ മേധാക്ഷയം ഉള്ളവർക്ക് ഓർമ്മകൾ നഷ്ടപ്പെടൽ - അതായത്  "മറവി" മാത്രമല്ല പ്രശ്നം. ബൗദ്ധികമായ / ധിഷണാപരമായ മറ്റു കഴിവുകളും (cognitive capabilities) ഒന്നൊന്നായി പോയ് മറയും - സ്ഥലകാല ബോധം നഷ്ടപ്പെടുക, വിവേചന ബുദ്ധിയും വിവേകവും ഇല്ലാതാവുക, ഒരു പരിഷ്കൃത സമൂഹത്തിൽ എങ്ങനെ പെരുമാറണം , എന്തു പറയണം എന്ന ബോധം പോയ് മറയുക (loss of social cognitive abilities ) അങ്ങനെ പലതും. ഡിമെൻഷ്യ ബാധി ക്കുമ്പോൾ നൂറ്റെൺപത് ഡിഗ്രി തിരിഞ്ഞ് ചിലപ്പോ പരിപൂർണ ചുരുളി ഭാഷണ ത്തിലേക്ക് പോകുന്നതും , കുളിച്ചിട്ട് തുണിയുടുക്കാതെ ഇറങ്ങി വരുന്നതും , അടുക്കളയിൽ മൂത്രമൊഴിക്കുന്നതും എല്ലാം ഇതുകൊണ്ടാണ്. 


പ്രായം കൂടുന്നത് ഡിമൻഷ്യ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് - പക്ഷേ നമുക്ക് ഇത് (പ്രായം കൂടുന്നത്) നിയന്ത്രിക്കാനാവില്ലല്ലോ! അതുപോലെ നമ്മുടെ അച്ഛനമ്മമാരിൽ നിന്ന് നമുക്ക് പകർന്ന് കിട്ടിയിട്ടുള്ള ജനിതക ഘടകങ്ങളും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ നമുക്ക് നിയന്ത്രിക്കാവുന്ന പല ഘടകങ്ങളും ഉണ്ട്. 
യൗവന കാലത്തും മധ്യ വയസ്സിലും ശ്രദ്ധിച്ചാൽ നമുക്ക് ഇത് ഒരു പരിധി വരെ നിയന്ത്രിക്കാൻ പറ്റും !
1. വിദ്യാഭ്യാസം കൂടുതൽ നേടുന്നവരിലും ബുദ്ധിശക്തി ഉപയോഗിക്കേണ്ട ജോലികൾ ചെയ്യുന്നവരിലും കൂടുതൽ ഭാഷകൾ പഠിക്കുന്നവരിലുമൊക്കെ മേധാക്ഷയം ഉണ്ടാവാനുള്ള സാധ്യത കുറവാണ്. തലച്ചോറിന് കൂടുതൽ ബൗദ്ധികമായ വ്യായാമം കിട്ടി cognitive reserve കൂടുന്നതിനാൽ ആവാം ഇത്. അതുകൊണ്ട് കൂടുതൽ പഠിക്കുക, വായിക്കുക, ചിന്തിക്കുക - ഉപയോഗിച്ചു കൊണ്ടേ ഇരിക്കുന്നത് നല്ല ഹെൽത്തിയും സ്മാർട്ടുമായി ഇരിക്കാൻ തലച്ചോറിനെ സഹായിക്കും.
2. കേഴ് വി ശക്തിയും മേധാക്ഷയവും തമ്മിൽ ബന്ധമുണ്ട്. ദീർഘകാലം കേഴ് വി കുറഞ്ഞിരിക്കുന്നത് ബ്രയിൻ ഹെൽത്തിന് നല്ലതല്ല. അതുകൊണ്ട് കേഴ് വിക്കുറവിനെ നിസ്സാരമായി കാണരുത്.
3. കൂടുതൽ സാമൂഹ്യ ബന്ധങ്ങൾ പുലർത്തുന്നവർക്ക് ഡിമൻഷ്യ വരാൻ സാധ്യത കുറയും. ഊഷ്മളമായ സാമൂഹ്യ ബന്ധങ്ങൾ നിലനിർത്തുക. സോഷ്യൽ കോൺടാക്ടിന്റെ വ്യാപ്തി കൂടും തോറും ഡിമൻഷ്യ ഉണ്ടാവാനുള്ള സാധ്യത കുറയുമത്രേ ...
4. മദ്യപാനം, പുകവലി എന്നിവ പൂർണമായി ഒഴിവാക്കുന്നതും ഡിമൻഷ്യ തടയാൻ സഹായിക്കും.
5. വിഷാദം (depression) ഡിമൻഷ്യ ഉണ്ടാകാനുള്ള ഒരു പ്രധാന risk factor ആണ്. ആവശ്യത്തിന് വിശ്രമം, വിനോദങ്ങൾ, ഊഷ്മളമായ സാമൂഹ്യ - കുടുംബ ബന്ധങ്ങൾ ഇവയിലൂടെ depression ഒഴിവാക്കാൻ നോക്കുക. ചികിത്സ ആവശ്യമുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുക.
6. ശാരീരിക വ്യായാമം ഹാർട്ട് അറ്റാക്ക് തടയുക മാത്രമല്ല brain health നെയും സഹായിക്കും. നിത്യേന വ്യായാമം ചെയ്യുക. 
7. രക്ത സമ്മർദം കൂടി നിൽക്കുന്നത് dementia ഉണ്ടാകാൻ കാരണമാകാവുന്ന ഒരു strong risk factor ആണ്. ബി.പി. ഉണ്ടെങ്കിൽ  ജീവിത ശൈലീ നിയന്ത്രണം കൊണ്ടും  മരുന്നുകൾ കഴിച്ചും നിയന്ത്രിക്കുക. 
8. തടി കൂടുന്നതും പ്രമേഹ രോഗം നിയന്ത്രണമില്ലാതെ നിൽക്കുന്നതും - രണ്ടും ഡിമൻഷ്യ ഉണ്ടാകാൻ predispose ചെയ്യും. തടി കുറയ്ക്കുക; പ്രമേഹം കൃത്യമായി ചികിത്സിക്കുക. 
9. വായു മലിനീകരണത്തിന്റെ തോതും ഡിമൻഷ്യയും തമ്മിൽ ബന്ധം അടുത്ത കാലത്തായി കണ്ടെത്തിയിട്ടുണ്ട്. നമുക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റുന്നതല്ല ഇതെങ്കിലും മലിനീകരണം കുറയ്ക്കാൻ നമുക്കാവുന്നത് ചെയ്യുക , ശുദ്ധവായു ശ്വസിക്കാവുന്ന സാഹചര്യം പരമാവധി ഉണ്ടാക്കാൻ നോക്കുക. 
10. തലയ്ക്ക് പരിക്ക് പറ്റുന്നത്  ഡിമൻഷ്യ സാധ്യത വർദ്ധിപ്പിക്കും - ഹെൽമറ്റിന്റെ ഉപയോഗവും ട്രാഫിക് നിയമം പാലിക്കുന്നതും പലപ്പോഴും നമ്മുടെ ജീവൻ രക്ഷിക്കുക  മാത്രമല്ല, ഭാവിയിൽ ഓർമ്മകൾ കൊഴിയുന്നത് തടയുകയും ചെയ്യും.
കടപ്പാട് : മുഖപുസ്തകംCherian T Keekkad
President
WMC-International Cultural &Arts Forum (INCAF)