വയനാടുമായി ബന്ധപ്പെട്ട് പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ നല്‍കരുത്: ജില്ലാ കലക്ടര്‍

Jun 25, 2025 - 19:57
 0  5
വയനാടുമായി ബന്ധപ്പെട്ട് പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ നല്‍കരുത്: ജില്ലാ കലക്ടര്‍

കല്‍പ്പറ്റ ; വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് ജില്ലയുടെ ടൂറിസം മേഖലയേയും വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാറും ജില്ലാ ഭരണകൂടവും നടത്തുന്നുണ്ട്. മഴയുടെ അളവ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും രേഖപ്പെടുത്തുന്നുണ്ട്. ഡാമുകളിലേയും നദികളിലേയും ജലനിരപ്പ് കൃത്യമായി വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും അപ്പപ്പോള്‍ നല്‍കുന്നുണ്ട്.കലക്ടര്‍ പറഞ്ഞു.

അതേസമയം   വയനാട് പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നേരത്തേയുണ്ടായ ഉരുള്‍പൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും കനത്ത മഴയില്‍ താഴേക്ക് ഒഴുകി വരുന്നുണ്ട്. ഇത് കുറച്ചുകാലം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. പുന്നപ്പുഴയോട് ചേര്‍ന്നുള്ള നോ ഗോ സോണില്‍ പ്രവേശിക്കരുതെന്നും പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മുണ്ടക്കൈ മേഖലയില്‍ നിന്ന് ശക്തമായ ശബ്ദം കേട്ടെന്നും ഉരുള്‍പൊട്ടിയെന്ന് സംശയം ഉണ്ടെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.നൂറ് മില്ലിമീറ്റര്‍ മഴയാണ് മുണ്ടക്കൈ വനമേഖലയില്‍ പെയ്തത്.കോഴിക്കോടിന്റെ മലയോര മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. മുത്തന്‍പുഴ, മറിപ്പുഴ, ആനക്കാംപൊയില്‍ മേഖലയിലാണ് മഴ ശക്തമായത്. ഇരുവഴിഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.