എറണാകുളം ജൂത സിനഗോഗ് തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു

Oct 29, 2026 - 19:16
 0  2
എറണാകുളം ജൂത സിനഗോഗ് തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു

എറണാകുളം: എറണാകുളം ജൂത സിനഗോഗിന് സമീപം നടന്ന തീവെപ്പ് കേസിന്‍റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. കേസിലെ പ്രതിയായ എബിൻ ബി. പോളിനെതിരെ പൊലീസ് നേരത്തെ യുഎപിഎ (UAPA) ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് എൻഐഎ കൊച്ചി ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവർത്തനം, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. യുഎപിഎ 16, 18 വകുപ്പുകൾക്ക് പുറമെ എക്സ്പ്ലോസീവ് സബ്സ്റ്റൻസസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ജൂത ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് നടന്ന വലിയൊരു ഭീകരവാദ ആസൂത്രണത്തിന്‍റെ ഭാഗമായുള്ള 'ടെസ്റ്റ് റൺ' മാത്രമായിരുന്നു കൊച്ചിയിൽ നടന്നതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള എബിൻ ബി. പോളിനെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.

ഗൂഢാലോചനയും ക്രിപ്റ്റോകറൻസി ഇടപാടുകളും

ടെലഗ്രാം വഴി 'ബോസ്', 'വിക്രം' എന്നീ രഹസ്യപ്പേരുകളുള്ള ഹാൻഡ്‌ലർമാരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ചാണ് പ്രതി അക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനായി ഇയാൾക്ക് ക്രിപ്റ്റോകറൻസി വഴി പണം ലഭിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. സിനഗോഗ് ആക്രമിച്ചതിന് രണ്ട് ലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോകറൻസിയും, മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിൽ തീയിട്ടതിന് 5,000 രൂപയും പ്രതിഫലമായി ലഭിച്ചതായി എബിൻ മൊഴി നൽകിയിട്ടുണ്ട്. പ്രതിക്ക് ആരാണ് ക്രിപ്റ്റോകറൻസി കൈമാറിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഐഎ.

തീവെപ്പ് കേസിൽ അന്താരാഷ്ട്ര ബന്ധങ്ങളും ഭീകരബന്ധങ്ങളും സംശയിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ആദ്യം യുഎപിഎ ചുമത്തിയത്. സംഭവം നടന്നയുടൻ തന്നെ എൻഐഎ പ്രതിയെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു.

പ്രതി എബിന്‍റെ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവയുടെ ശാസ്ത്രീയ പരിശോധനാഫലങ്ങൾ എൻഐഎ വിശദമായി പരിശോധിക്കും. ഇയാളുടെ സെർച്ച് ഹിസ്റ്ററിയിൽ നിന്ന് അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. 'ബിഷ്ണോയ്' എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ പ്രതി അംഗമായിരുന്നു. സിനഗോഗ് ആക്രമണത്തിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടോയെന്ന കാര്യവും എൻഐഎ അന്വേഷിച്ചേക്കും.