വെല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ രഥം മറിഞ്ഞ് ഏഴുപേർക്ക് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരിൽ മായാന കൊല്ലൈ ഉത്സവത്തോടനുബന്ധിച്ച് നടന്ന രഥഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞ് അപകടം. 60 അടി ഉയരമുള്ള കൂറ്റൻ രഥം മറിഞ്ഞ് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശിവരാത്രിക്ക് തൊട്ടുപിറ്റേന്ന് നടക്കുന്ന വെല്ലൂരിലെ പ്രധാന പ്രാദേശിക ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്.
ഭക്തർ വടം ഉപയോഗിച്ച് രഥം വലിച്ചുകൊണ്ടുപോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രഥം മറിഞ്ഞപ്പോൾ അതിനടിയിൽ കുടുങ്ങിപ്പോയ ഏഴ് പേരെ ഏറെ പരിശ്രമിച്ചാണ് നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണ്.
ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നൽകിയിരുന്ന കർശനമായ സുരക്ഷാ നിർദേശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഉത്സവത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം വിശദമായ അന്വേഷണം ആരംഭിച്ചു