നെടുമ്പാശേരി കാർ അപകടം: 19കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Oct 14, 2026 - 21:08
 0  0
നെടുമ്പാശേരി കാർ അപകടം: 19കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

നെടുമ്പാശേരിയിൽ ആഡംബര കാർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ നിർണായക നടപടിയുമായി എക്‌സൈസ് വകുപ്പ്. കേസിലെ പ്രതിയായ 19കാരൻ സുഹൈൽ സജീവിന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകിയതുമായി ബന്ധപ്പെട്ടാണ് എക്‌സൈസ് കമ്മിഷണർ സാംബശിവറാവു ഉത്തരവിറക്കിയത്. മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊച്ചിയിലെ സഹോദരൻ അയ്യപ്പൻ റോഡിലെ ജനതാ ജംക്‌ഷനു സമീപമുള്ള ‘ദയ ബൈ റിനെ’, പാലാരിവട്ടം ചക്കാലയ്ക്കലിലെ ‘മൺസൂൺ എംപ്രസി’, വിമാനത്താവള പരിസരത്തെ ‘കോർട്ട്‌യാർഡ് ബൈ മാരിയറ്റ്’ എന്നിവയ്‌ക്കെതിരെയാണ് നടപടി. അബ്കാരി നിയമത്തിലെ 15ബി, 63, 56ബി വകുപ്പുകൾ പ്രകാരമാണ് ബാറുകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിന് സുഹൈൽ സജീവിനെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

‘കോർട്ട്‌യാർഡ് ബൈ മാരിയറ്റ്’ ഹോട്ടലിൽ സുഹൈൽ മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്. ഹോട്ടലിലെ റസ്റ്ററന്റിലും നീന്തൽക്കുളത്തിന് സമീപത്തുംവെച്ച് മദ്യപിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ചതായാണ് വിവരം. സുഹൈലിനെതിരെ അബ്കാരി നിയമത്തിലെ 15എ, 63 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മൂന്ന് പേർടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി അപകടത്തിന് പിന്നാലെയാണ് മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട പരിശോധനകളും നടപടികളും ശക്തമായത്. പ്രായപരിധി സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതോടെ കേസ് കൂടുതൽ ശ്രദ്ധ നേടുകയാണ്.