വര്‍ക്കലയില്‍ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരണം

വര്‍ക്കലയില്‍ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരണം. വര്‍ക്കലയിലെ ഒരു കടയില്‍ നിന്നും വാങ്ങിയ കേക്ക്   കഴിച്ചതിന് പിന്നാലെ ഒരേ കുടുംബത്തിലെ എല്ലാവര്‍ക്കും ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഈ കുടുംബത്തിലെ 23 കാരനായ വിജുവാണ് മരിച്ചത്.

ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റുമോര്‍ടത്തിന് ശേഷം അയിരൂര്‍ പൊലീസും പറയുന്നു. എന്നാല്‍ അത് ഏത് ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയുണ്ടായതെന്നത് തെളിയാന്‍ ആന്തരിക അവയവ പരിശോധന ഫലം എത്തണം. അതോടൊപ്പം ഭക്ഷണ സാധങ്ങളുടെ ലാബ് റിപോര്‍ടും ആവശ്യമാണ്.

ഛര്‍ദിയും വയറിളക്കവും വന്ന് തീര്‍ത്തും അവശനായതിനെ തുടര്‍ന്നാണ് വര്‍ക്കല ഇലകമണ്‍ സ്വദേശി വിജുവിനെ പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തുന്നതിന് മുന്‍പെ വിജു മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വ്യാഴാഴ്ചയാണ്  കേക്ക്  ക്കഴിച്ചത്. ശേഷം കുടുംബാംഗങ്ങള്‍ക്കെല്ലാം ഛര്‍ദിയും വയറിളക്കവും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ചെയോടെ ആരോഗ്യനില വഷളായപ്പോഴാണ് വിജുവിനെ പാരിപ്പള്ളിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിജുവിന് പിന്നാലെ അമ്മയെയും മൂന്നു സഹോദരങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജുവിന്റെ അമ്മ തീവ്രപരിചരണ വിഭാഗത്തിലാണ്.

അതേസമയം, കട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.