ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കണം, മൂന്നു വീടുകള്‍ പണയപ്പെടുത്തി ബൈജു രവീന്ദ്രൻ

ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കണം, മൂന്നു വീടുകള്‍ പണയപ്പെടുത്തി ബൈജു രവീന്ദ്രൻ
ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനായി തന്റെ വീടുകള്‍ പണയം വച്ച്‌ എഡ്യൂടെക് ഭീമനായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രൻ.
ബെംഗളൂരുവിലെ രണ്ട് വീടുകളും എപ്സിലോണില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു വില്ലയുമാണ് 12 മില്യണ്‍ ഡോളറിന് ബൈജു പണയം വച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ബൈജൂസിന്റെ മാതൃ സ്ഥാപനമായ തിങ്ക് ആൻഡ് ലേണിലെ 15000ഓളം വരുന്ന ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനാണ് ബൈജൂസ് തന്റെ ആസ്തികള്‍ പണയപ്പെടുത്തിയതെന്നും ഇവര്‍ക്കുള്ള ശമ്ബളം തിങ്കളാഴ്ച നല്‍കി എന്നുമാണ് വിവരം. വാര്‍ത്തയോട് ബൈജു രവീന്ദ്രനും കമ്ബനിയുമായി ബന്ധപ്പെട്ട മറ്റ് അധികൃതരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു കാലങ്ങളായി നേരിട്ട തിരിച്ചടികള്‍ക്കിടയിലും കമ്ബനിയെ നിലനിര്‍ത്താനും സാമ്ബത്തിക പ്രതിസന്ധികളെ മറികടക്കാനുമുള്ള ശ്രമത്തിലാണ് ബൈജു രവീന്ദ്രൻ.

പ്രതിസന്ധികളെ തരണം ചെയ്യുന്നതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കായുള്ള ഡിജിറ്റല്‍ റീഡിംഗ് പ്ലാറ്റ്ഫോം 400 മില്യണ്‍ ഡോളറിന് വില്‍ക്കാൻ ഒരുങ്ങുകയാണ് ബൈജൂസ്. വായ്പയെടുത്ത 1.2 ബില്യണ്‍ ഡോളറിന്റെ പലിശ അടവ് മുടങ്ങിയതിനെത്തുടര്‍ന്നുള്ള നിയമ നടപടികളും ബൈജൂസിന് തിരിച്ചടിയായിട്ടുണ്ട്.

ഒരിക്കല്‍ 5 ബില്യണ്‍ വരെ ആസ്തിയുണ്ടായിരുന്ന ബൈജു ഇന്ന് 400 മില്യണ്‍ ഡോളറാണ് കടമെടുത്തിരിക്കുന്നത്. തിങ്ക് ആൻഡ് ലേണിലെ തന്റെ മുഴുവൻ ആസ്തികളും പണയപ്പെടുത്തിയാണ് ബൈജു ഈ തുക കടമെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തന്റെ ഓഹരികളുടെ വില്‍പ്പനയിലൂടെ സമാഹാരിച്ച 800 മില്യണ്‍ ഡോളര്‍ തിരികെ കമ്ബനിയില്‍ തന്നെ നിക്ഷേപിച്ചത് ബൈജുവിനെ വീണ്ടും സാമ്ബത്തിക കുരുക്കിലാക്കിയതായി പറയപ്പെടുന്നു