കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും അറസ്റ്റിൽ : പിന്നില്‍ പിതാവുമായുള്ള സാമ്ബത്തിക പ്രശ്നങ്ങൾ

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും അറസ്റ്റിൽ : പിന്നില്‍ പിതാവുമായുള്ള സാമ്ബത്തിക പ്രശ്നങ്ങൾ

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍  ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും അറസ്റ്റിൽ.

കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍(52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്.

കുട്ടിയുടെ അച്ഛനോടുളള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് മൊഴി.മകളുടെ നഴ്സിം​ഗ് പ്രവേശനത്തിനായി 5 ലക്ഷം നൽകിയിരുന്നു. എന്നാൽ മകൾക്ക് പ്രവേശനം ലഭിച്ചില്ല. മാത്രമല്ല, ആ പണം കുട്ടിയുടെ അച്ഛൻ തിരിച്ചു നൽകിയില്ലെന്നും പത്മകുമാർ പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

പത്മകുമാറിനെ തട്ടിക്കൊണ്ടുപോകപ്പെട്ട ആറ് വയസുകാരി തിരിച്ചറിഞ്ഞു എന്നും പോലീസ് വ്യക്തമാക്കി. ഏകദേശം 11 ഓളം ചിത്രങ്ങളാണ് പോലീസ് കുട്ടിയെ കാണിച്ചത്. കുട്ടിയെ രാത്രിയില്‍ താമസിപ്പിച്ചത് ചാത്തന്നൂരിന് സമീപമുള്ള ചിറക്കരയിലെ ഓടിട്ട വീട്ടിലാണെന്ന പോലീസ് കരുതുന്നു.

തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയില്‍ നിന്നാണ് പോലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. തെങ്കാശി പുളിയറയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കൊല്ലം സിറ്റി പൊലീസിന്റെ ഷാഡോ ടീം ഇവരെ പിടികൂടിയത്. തന്റെ ഭാര്യയ്ക്കും മകള്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് പത്മ കുമാര്‍ പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് ഇവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പൊലീസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു.