മെയ് 17.. ലോക വാർത്താവിനിമയ ദിനം

May 17, 2026 - 16:11
May 17, 2026 - 17:13
 0  7
മെയ് 17.. ലോക വാർത്താവിനിമയ ദിനം
ലീലാമ്മതോമസ്, ബോട്സ്വാന
മനുഷ്യൻ ‘ഹലോ’ എന്നു പറയുന്ന വഴികൾ കാലത്തിനൊപ്പം മാറിക്കൊണ്ടിരിക്കുന്നു. ഒരിക്കൽ കുരലായിരുന്നു ആശ്രയം; പിന്നെ എഴുത്ത്. ഇന്ന് വിരൽസ്പർശവും തരംഗങ്ങളും. ഇനി… ചിന്ത തന്നെ.
ടെലിപതിക് ആശയവിനിമയം  മനസ്സിലൂടെ ആശയം കൈമാറുക  സയൻസ് ഫിക്ഷനായി മാത്രം കണ്ടിരുന്ന ഈ ആശയം, ഇനി ശാസ്ത്രത്തിന്റെ പരീക്ഷണശാലകളിൽ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്. ഒരു അന്താരാഷ്ട്ര ഗവേഷകസംഘം മനുഷ്യന്റെ മനസ്സിനൊപ്പം തന്നെ “ഹലോ” പറയാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നത്, ആശയവിനിമയത്തിന്റെ പുതിയ കാലഘട്ടം മുന്നറിയിപ്പായി എത്തിക്കുന്ന സൂചനയാണ്.
ദൂരങ്ങളെ വെട്ടിക്കുറച്ച്, അതിവേഗത്തിൽ എത്തുന്ന ദൂതുകൾ — അവ നമ്മൾ കാണുന്നില്ലെന്ന് നടിക്കാനാവില്ല. പരിമിതികൾക്കിടയിലും മനുഷ്യൻ ആശയവിനിമയത്തിന്റെ വഴികൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു.
സംസാരിക്കാൻ കഴിയാത്തവർക്കോ, സെൻസറി വൈകല്യങ്ങളുള്ളവർക്കോ, അവരുടെ പരിമിതികൾക്കനുസൃതമായി മറ്റൊരു വ്യക്തിയുമായോ കമ്പ്യൂട്ടറുമായോ ആശയം പങ്കിടാൻ കഴിയുമോ? — എന്ന ചോദ്യമാണ് ഇന്നത്തെ ഗവേഷണങ്ങളുടെ ഹൃദയം.
1865-ൽ അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ സ്ഥാപിതമായ ദിവസത്തിന്റെ സ്മരണയിലാണ് മെയ് 17 ലോക വാർത്താവിനിമയ ദിനമായി ആചരിക്കുന്നത്.
140 വർഷങ്ങൾക്കുള്ളിൽ വാർത്താവിനിമയ രംഗം കൈവരിച്ച കുതിച്ചുചാട്ടം അത്ഭുതകരമാണ്.
ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കിൽ, അതിന് പിന്നിലെ ഏറ്റവും വലിയ ശക്തി വാർത്താവിനിമയ രംഗത്തെ വിപ്ലവങ്ങളാണ്. അതിന്റെ ഏറ്റവും പുതിയ നേട്ടമാണ് ഇന്റർനെറ്റ്.
ഡിജിറ്റൽ സാങ്കേതികവിദ്യയും പാക്കറ്റ് സ്വിച്ചിംഗ് ടെക്‌നോളജിയും വാർത്ത കൈമാറ്റത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ സന്ദേശങ്ങൾ ശോഷിക്കപ്പെടുന്നില്ല  അവ അതേ ശക്തിയോടെ എത്തുന്നു.
ഇന്റർനെറ്റ് പിറന്ന് ഇരുപത് വർഷം തികയുന്നതിനുമുമ്പേ, ലോകം മുഴുവൻ പൊതിയുന്ന വാർത്താവിനിമയ ശൃംഖലയായി അത് മാറിക്കഴിഞ്ഞു. എന്നാൽ ഈ മുന്നേറ്റങ്ങൾക്കൊപ്പം ഒരു ഭീതിയും ഉയരുന്നു:
മറ്റൊരാൾക്ക് അഭികാമ്യമല്ലാത്ത ഒരു ചിന്ത അയയ്ക്കാൻ കഴിയുമോ?
ശാസ്ത്രജ്ഞർ പറയുന്നു  അത്തരം സാധ്യതകൾ സൈദ്ധാന്തികമായി മാത്രമാണ് ഇപ്പോഴും നിലനിൽക്കുന്നത്.
ഇന്ന് വാർത്താവിനിമയം ഒരു സാങ്കേതിക സൗകര്യം മാത്രമല്ല; മനുഷ്യബന്ധങ്ങളുടെ പുതിയ ഭാഷയാണ്.
കുരലിൽ നിന്ന് കേബിളിലേക്കും, തരംഗങ്ങളിൽ നിന്ന് ചിന്തകളിലേക്കും  മനുഷ്യൻ തന്റെ പരിധികളെ തന്നെh വീണ്ടും വീണ്ടും പുനർവ്യാഖ്യാനം ചെയ്യുകയാണ്.