ഭജൻലാല്‍ ശര്‍മ രാജസ്ഥാൻ മുഖ്യമന്ത്രി

ഭജൻലാല്‍ ശര്‍മ രാജസ്ഥാൻ മുഖ്യമന്ത്രി

യ്പുര്‍: ഛത്തീസ്ഗഢിനും മധ്യപ്രദേശിനും പുറമെ രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. ഭജൻലാല്‍ ശര്‍മയെ പുതിയ രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ദിയാകുമാരിയും, പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരാകും.

ബിജെപിയിലെ വസുന്ധര രാജെ സിന്ധ്യ യുഗത്തിന് അന്ത്യമിട്ട് കൊണ്ടാണ് ആദ്യ തവണ എംഎല്‍എ ആയിട്ടുള്ള ഭജൻലാല്‍ ശര്‍മയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഭജൻലാല്‍ ശര്‍മ.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ഭജൻലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.

മുഖമന്ത്രിപദത്തിലേക്ക് സാധ്യതാപട്ടികയിലുണ്ടായിരുന്ന മുൻനിര നേതാക്കളെ തള്ളി പുതിയൊരു നേതാവിനെ അവതരിപ്പിച്ച ഛത്തീസ്ഗഢിലേയും മധ്യപ്രദേശിലും ശൈലി ബിജെപി രാജസ്ഥാനിലും ആവര്‍ത്തിച്ചു. ഛത്തീസ്ഗഢില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തപ്പോള്‍ രാജസ്ഥാനിലെ മുഖ്യമന്ത്രി ബ്രാഹ്മണ വിഭാഗത്തില്‍ നിന്നാണ്.