മലയാറ്റൂരിൽ കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ കരകയറ്റി

മലയാറ്റൂരിൽ കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ കരകയറ്റി

എറണാകുളം : മലയാറ്റൂരിൽ, കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ വനം വകുപ്പ് കരയ്ക്കു കയറ്റി. മലയാറ്റൂർ മുളംകുഴിയിലെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് ഒന്നര വയസ്സ് പ്രായമുള്ള ആനക്കുട്ടി വീണത്. മൂന്നുമണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ കരയ്ക്കെത്തിയ ആനക്കുട്ടി പിന്നീട് കാട്ടിലേയ്ക്ക് ഓടിമറഞ്ഞു.

മുളങ്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ കിണറ്റിൽ പുലർച്ചെ ഒന്നരയോടെയാണ് കാട്ടാനക്കുട്ടി കിണറ്റിൽ വീണത്. ആനക്കൂട്ടത്തിൻ്റെ ശബ്ദം കേട്ട നാട്ടുകാർ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പുലർച്ചെ 3 മണിയോടെ വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കിണറിനു സമീപം കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ അടുക്കാനായില്ല. ഒടുവിൽ അവ കാടുകയറിയെന്ന് ഉറപ്പാക്കിയ ശേഷം വനം വകുപ്പുദ്യോഗസ്ഥർ ജെ സി ബിയുടെ സഹായത്തോടെ രക്ഷാദൗത്യം തുടങ്ങി.

കിണറിനു സമീപം മണ്ണ് നീക്കം ചെയ്ത് ചാലു കീറിയുള്ള ദൗത്യം ഉച്ചയ്ക്ക് 1 മണിയോടെ വിജയം കണ്ടു. ഒന്നര വയസ്സുകാരൻ   കുട്ടിയാന കിണറ്റിൽ നിന്നും മുകളിലേയ്ക്ക് കുതിച്ചെത്തി, എല്ലാവരും നോക്കി നിൽക്കേ നിമിഷ നേരം കൊണ്ട്  കാട്ടിലേയ്ക്ക് ഓടി മറഞ്ഞു.