ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും; അമിത് ഷാ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും; അമിത് ഷാ

ന്യൂഡല്‍ഹി: 2019 ഡിസംബറില്‍ പാസാക്കിയ പൗരത്വഭേദഗതി നിയമം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കി ഉത്തരവിറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

സിഎഎ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു. എന്നാല്‍ അതില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎഎ വിജ്ഞാപനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്ബായി വരും. ആര്‍ക്കും അതില്‍ യാതൊരു സംശയവും വേണ്ട. ആരുടേയും പൗരത്വം എടുത്ത് കളയാനല്ല പൗരത്വ നിയമംഭേദഗതി ചെയ്തത്. പൗരത്വം നല്‍കാനാണ്. സിഎഎ സംബന്ധിച്ച്‌ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച്‌ നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിഎഎയില്‍ ആരുടേയും പൗരത്വം എടുത്ത് കളയാന്‍ വ്യവസ്ഥയില്ല.

ബംഗ്ലാദേശിലും പാകിസ്ഥാനിലും അഫ്ഗാനിസ്താനിലും പീഡനം അനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ളതാണ് സിഎഎയെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു സിഎഎ. രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍, അഭയാര്‍ത്ഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരുന്നു. ഇപ്പോളവര്‍ പിന്‍മാറിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. സിഎഎ വിജ്ഞാപനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്ബായി വരും. ആര്‍ക്കും അതില്‍ യാതൊരു സംശയവും വേണ്ട. ആരുടേയും പൗരത്വം എടുത്ത് കളയാനല്ല പൗരത്വ നിയമംഭേദഗതി ചെയ്തത്. പൗരത്വം നല്‍കാനാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകള്‍ പിടിക്കുമെന്നും എന്‍ഡിഎ 400 കടക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. കോണ്‍ഗ്രസും സഖ്യപാര്‍ട്ടികളും പ്രതിപക്ഷത്തിരിക്കാന്‍ തിരുമാനിച്ചെന്നും കൂടുതല്‍ പാര്‍ട്ടികള്‍ വരുംദിനങ്ങളില്‍ എന്‍ഡിഎയില്‍ ചേരുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

രാജ്യവിഭജനത്തിന് ഉത്തരവാദിയായ നെഹ്റുവിന്റെ ഇളമുറക്കാര്‍ക്ക് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകാന്‍ ധാര്‍മികതയില്ല. പരസ്യമായി കള്ളം പറയുകയും അത് ആവര്‍ത്തിക്കുകയുമാണ് രാഹുലിന്റെ നയം. പ്രധാനമന്ത്രിയുടെ ജാതി പറയുമ്ബോള്‍, കോണ്‍ഗ്രസിന് വിഭാഗവും ജാതിയും തമ്മിലുള്ള വ്യത്യാസം അറിയില്ല. താന്‍ ഒബിസി ആണെന്നും ഒബിസി ഒരു ജാതിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ജാതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് അങ്ങേയറ്റം സങ്കടകരമാണ്' അമിത് ഷാ പറഞ്ഞു.

2014 ഡിസംബര്‍ 31-ന് മുന്‍പ് പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനുള്ളതാണു നിയമം. 2019ലാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്.