പൈലറ്റുമാരും ജീവനക്കാരുമില്ല: സര്‍വീസുകള്‍ വെട്ടികുറച്ച്‌ വിസ്താര

പൈലറ്റുമാരും ജീവനക്കാരുമില്ല: സര്‍വീസുകള്‍ വെട്ടികുറച്ച്‌ വിസ്താര

ല്‍ഹി: പൈലറ്റുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് രൂക്ഷമായതിനെ തുടർന്ന് നിരവധി സ‍ർവീസുകള്‍ വെട്ടിക്കുറച്ച്‌ വിമാനക്കമ്ബനിയായ വിസ്താര. കഴിഞ്ഞ കുറച്ച്‌ ദിവസമായി ഇത്തരത്തില്‍ നിരവധി സർവീസുകള്‍ റദ്ദാക്കേണ്ടി വന്നതായും വിമാനങ്ങള്‍ കാര്യമായി വൈകിയതായും കമ്ബനി വക്താവ് തന്നെ നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും കമ്ബനി ഔദ്യോഗികമായി അറിയിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ മാത്രം 38 സ‍ർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 50 സ‍ർവീസുകള്‍ റദ്ദാക്കുകയും 160 എണ്ണം വൈകുകയും ചെയ്തിരുന്നു. പലയിടത്തും യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകുന്നതും സ‍ർവീസുകള്‍ റദ്ദാക്കുന്നതും സമയത്ത് അറിയിക്കുന്നത് പോലുമില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള വിമാന കമ്ബനിയാണ് വിസ്താര. റദ്ദാക്കിയ സർവീസുകള്‍ക്ക് പകരം നിലവില്‍ നടത്തുന്ന ആഭ്യന്തര സ‍ർവീസുകള്‍ക്ക് ബോയിങ് 787 ഡ്രീം ലൈന‌ർ പോലുള്ള വലിയ വിമാനങ്ങള്‍ ഉപയോഗിച്ച്‌ പരമാവധി യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായ എയർ ഇന്ത്യയുമായി ഉടൻ തന്നെ ലയിപ്പിക്കപ്പെടുമെന്ന് കരുതുന്ന വിസ്താരയില്‍ കഴി‌ഞ്ഞ മാസവും സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു.

അതേസമയം പൈലറ്റുമാരുടെയും ജീവനക്കാരുടെയും കുറവ് മാത്രമല്ല ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തില്‍ കമ്ബനി വിശദീകരണങ്ങളൊന്നും നല്‍കുന്നുമില്ല.