അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചു;  നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി

Jul 24, 2025 - 20:27
Jul 24, 2025 - 20:30
 0  5
അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചു;  നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി

കൊച്ചി: അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടൻ വിനായകനെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന് സിജോ ജോസഫാണ് വിനായകനെതിരേ പരാതി നൽകിയത്. ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്.

 2023 ജൂലൈയില്‍ ഉമ്മന്‍ ചാണ്ടി അന്തരിച്ച സമയത്തും മോശമായ രീതിയില്‍ അദ്ദേഹത്തെ അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റ് വിനായകന്‍ പങ്കുവച്ചിരുന്നു. വന്‍ രോഷം ആയിരുന്നു അന്ന് ഉയര്‍ന്നത്. വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അഭിവാ​ദ്യമർപ്പിച്ചതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മറുപടിയായാണ് വിനായകൻ പോസ്റ്റിട്ടത്. വിഎസിന് അഭിവാദ്യം അർപ്പിക്കാൻ കഴിഞ്ഞ ദിവസം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മയിലാണ് വിനായകൻ പങ്കെടുത്തത്. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാദ്യം ഏറ്റുവിളിക്കുന്ന വിനായകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. പിന്നാലെയാണ് നടനെതിരെ വലിയ രീതിയിലുളള സൈബർ ആക്രമണമുണ്ടായത്.

നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് വിനായകൻ നടത്തിയ പരാമർശം ചൂണ്ടിക്കാണിച്ചാണ് താരത്തിനെതിരെ പ്രതികരിച്ച് ചിലർ എത്തിയത്.  ഇതിനെല്ലാം  മറുപടിയുമായി രം​ഗത്തെത്തുകയായിരുന്നു നടൻ. “എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്‌റുവും ചത്തു. ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു. നിന്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തു''വെന്നാണ് വിനായകൻ കുറിച്ചത്.

പിന്നാലെ വിനായകനെതിരേ പൊലീസ് കേസും എടുത്തിരുന്നു. പുതിയ പോസ്റ്റിലും വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയരുകയാണ്.